പാകിസ്ഥാന്‍റേത് ഉദ്ദേശ ശുദ്ധിയുള്ള മനോഭാവമല്ല. പക്ഷേ ഇപ്പോൾ കിട്ടുന്ന അന്താരാഷ്ട്ര പിന്തുണയും സ്വാധീനവും അനുസരിച്ച് ഇന്ത്യക്ക് മുന്നോട്ടുപോകാനാകില്ല. സൈനിക ഏറ്റുമുട്ടിലിലേക്കാണ് കാര്യങ്ങൾ നീങ്ങുന്നതെങ്കിൽ അന്താരാഷ്ട്ര പിന്തുണ നിലനിൽക്കണം എന്നില്ലെന്നും എം കെ ഭദ്രകുമാർ പറഞ്ഞു.
തിരുവനന്തപുരം: പുൽവാമയിൽ നടന്നത് പാകിസ്ഥാൻ ചാരസംഘടനയായ ഐഎസ്ഐ ആസൂത്രണം ചെയ്ത് നടപ്പാക്കിയ പദ്ധതി തന്നെയാണ് എന്ന കാര്യത്തിൽ തനിക്ക് സംശയമില്ലെന്ന് ഇന്ത്യയുടെ മുൻ നയതന്ത്രജ്ഞനും വിദേശകാര്യ വിദഗ്ധനുമായ എം കെ ഭദ്രകുമാർ. ഭീകരാക്രമണത്തിന്‍റെ സൂത്രധാരനായ ജെയ്ഷെ മുഹമ്മദ് തലവൻ മൗലാന മസൂദ് അസർ മരണശയ്യയിലാണെന്നാണ് താൻ മനസിലാക്കുന്നത്. പാകിസ്ഥാനിലെ പട്ടാള ആശുപത്രിയിൽ അയാൾ ചികിത്സയിലാണ്. മസൂദ് അസർ ഇന്നൊരു ബിംബം മാത്രമാണ്. മസൂദ് അസറിന്‍റെ മറവിൽ പാകിസ്ഥാൻ ചാരസംഘടനയായ ഐഎസ്ഐ ആസൂത്രണം ചെയ്ത പദ്ധതിയാണ് പുൽവാമയിൽ നടന്നതെന്നും അദ്ദേഹം ഏഷ്യാനെറ്റ് ന്യൂസിന്‍റെ ന്യൂസ് അവർ ചർച്ചയിൽ പറഞ്ഞു. അത് ബാഹ്യലോകത്തുള്ളവർക്ക് ബോധ്യപ്പെടുന്ന രീതിയിൽ അവതരിപ്പിക്കാനും സ്ഥാപിക്കാനും ഇന്ത്യക്കാവണം.
പുൽവാമ ഭീകരാക്രമണത്തിന് ശേഷം ഇന്ത്യയുടെ സുഹൃദ്‍രാഷ്ട്രങ്ങൾ അനുശോചനവും പിന്തുണയും അറിയിച്ചു എന്നത് ശരിയാണ്. ഇന്ത്യക്ക് നിലവിൽ കിട്ടുന്ന അന്താരാഷ്ട്രപിന്തുണ തന്ത്രപരമായ ഒരു മേൽക്കൈയാണ്. പാകിസ്ഥാന്‍റെ പ്രതികരണരീതിയെ സ്വാധീനിച്ചേക്കും എന്നൊരു ഗുണം അതിനുണ്ട്. എന്നാൽ പാകിസ്ഥാന്‍റേത് ഉദ്ദേശ ശുദ്ധിയുള്ള മനോഭാവമല്ല. അന്താരാഷ്ട്ര സമൂഹത്തിന് മുന്നിൽ ഇന്ത്യ ഏത് തെളിവുകൾ നിരത്തിയാലും അതൊന്നും നിലനിൽക്കില്ല എന്ന നിലപാടേ പാകിസ്ഥാൻ എടുക്കൂ. ഇപ്പോൾ കിട്ടുന്ന അന്താരാഷ്ട്ര പിന്തുണയും സ്വാധീനവും അനുസരിച്ച് ഇന്ത്യക്ക് മുന്നോട്ടുപോകാനാകില്ലെന്നും എം കെ ഭദ്രകുമാർ പറഞ്ഞു. സൈനിക ഏറ്റുമുട്ടിലിലേക്കാണ് കാര്യങ്ങൾ നീങ്ങുന്നതെങ്കിൽ അന്താരാഷ്ട്ര പിന്തുണ നിലനിൽക്കണം എന്നില്ല. കാരണം ഒരു വിഭാഗം ജനങ്ങൾ ഭീകരവാദമായി കാണുന്നത് മറ്റൊരു വിഭാഗം ഭീകരവാദമായി കാണുന്നില്ല എന്നായിരിക്കും അന്താരാഷ്ട്ര സമൂഹത്തിന്‍റെ യുക്തി.
പാകിസ്ഥാനെ അന്താരാഷ്ട്ര തലത്തിൽ ഒറ്റപ്പെടുത്തുക ഇന്ത്യയെ സംബന്ധിച്ച് എളുപ്പമുള്ള കാര്യമല്ല, റഷ്യ പാകിസ്ഥാനുമായി നല്ല ബന്ധത്തിന് ശ്രമിക്കുന്നുണ്ട്. ആണവശക്തി, മുസ്ലീം രാജ്യം എന്നീ നിലയിലും അവർക്ക് മേൽക്കൈയ്യും പിന്തുണയും കിട്ടാനിടയുണ്ട്. പാകിസ്ഥാന് പ്ലാൻ A മാത്രമല്ല, B,C,D,E പ്ലാനുകളൊക്കെ ഉണ്ടാകുമെന്നും എം കെ ഭദ്രകുമാർ നിരീക്ഷിക്കുന്നു. 1971,72 കാലത്ത് കിഴക്കൻ പാകിസ്ഥാനിൽ ഉണ്ടായ സ്ഥിതിയുമായി നിലവിലെ സാഹചര്യത്തെ താൻ ചേർത്തുവായിക്കുകയാണെന്നും എം കെ ഭദ്രകുമാർ പറഞ്ഞു.
കശ്മീർ മാത്രമല്ല പാകിസ്ഥാന്‍റെ വൈരത്തിന് കാരണം. അഫ്ഗാനിസ്ഥാൻ അവർക്ക് ഉണങ്ങാത്ത മുറിവാണ്. കഴിഞ്ഞ 40 വർഷമായി അഫ്ഗാനിൽ നടത്തിവന്ന ശ്രമം വിജയിച്ചതായി അവർ കണക്കാക്കുന്നു. ഇറാനിൽ ഇസ്ലാമിക് റവല്യൂഷനറി ഗാർഡുകൾക്ക് എതിരായി പുൽവാമയിൽ നടന്നതിന് സമാനമായ ഒരു കാർ ബോംബ് ആക്രമണം കഴിഞ്ഞ ദിവസം നടന്നിരുന്നു. അതിൽ 23 പേർ മരിച്ചു. ഈ ആക്രമണത്തിന്‍റേയും ബുദ്ധികേന്ദ്രം പാകിസ്ഥാനിലാണ്. അഫ്ഗാനിൽ ഇടപെടുന്നവരെ ആക്രമിക്കുക എന്ന പ്രതികാര ബുദ്ധി പാകിസ്ഥാനുണ്ട്. അതുകൊണ്ട് പുൽവാമ ഭീകരാക്രമണം പാകിസ്ഥാൻ ആസൂത്രണം ചെയ്ത പദ്ധതിയാണെന്ന് തനിക്ക് നൂറ് ശതമാനം തീർച്ചയാണെന്നും അദ്ദേഹം പറഞ്ഞു.
ഇപ്പോഴത്തെ വൈകാരിക അവസ്ഥയിൽ കശ്മീർ പ്രശ്നത്തെ ദേശീയ അഭിമാന പ്രശ്നമായി നമ്മൾ കാണുന്നത് സ്വാഭാവികം. പക്ഷേ പരിഹാരമുണ്ടാകാൻ കശ്മീർ പ്രശ്നത്തെ ഒരു ഉഭയകക്ഷി പ്രശ്നമായി കാണുക എന്നതാണ് ശരിയായ വഴിയെന്നും എംകെ ഭദ്രകുമാർ ചൂണ്ടിക്കാട്ടി. ഇത് ഇന്ത്യ പാകിസ്ഥാനുമായി നേരിട്ട് സംസാരിച്ച് തീർക്കേണ്ട വിഷയമാണ്. അതേസമയം നയതന്ത്രപരമായ ഒരാചാരം എന്ന നിലയിൽ ചർച്ചകൾ കൊണ്ടുപോയിട്ട് കാര്യമില്ലെന്നും എം കെ ഭദ്രകുമാർ പറഞ്ഞു.
കശ്മീരികൾക്കെതിരായി രാജ്യത്ത് ഇപ്പോൾ നടക്കുന്ന അക്രമങ്ങൾ ഒറ്റപ്പെട്ടതാണെന്ന് എം കെ ഭദ്രകുമാർ പറഞ്ഞു. അത്തരത്തിൽ ഇന്ത്യൻ ജനത പോകുമെന്ന് താൻ കരുതുന്നില്ല. നിലവിലെ രാഷ്ട്രീയ സ്ഥിതിയും തെരഞ്ഞെടുപ്പിന്‍റെ പശ്ചാത്തലവും ഒക്കെ നോക്കിയാലും ഒരു രാഷ്ട്രീയ കക്ഷികളും അത് പ്രോത്സാഹിപ്പിക്കുമെന്നും കരുതുന്നില്ല. കശ്മീരികളെ ആക്രമണത്തിൽ നിന്ന് സംരക്ഷിക്കാനുള്ള ശ്രമങ്ങൾ സർക്കാർ, സൈനിക തലത്തിൽ തന്നെ തുടങ്ങിയിട്ടുണ്ട്. അത് ഒരു ദേശീയ പ്രവണതയായി ഉയരുമെന്ന് കരുതുന്നില്ലെന്നും എം കെ ഭദ്രകുമാർ ന്യൂസ് അവറിൽ പറഞ്ഞു.
