തിരുവനന്തപുരം: സെക്രട്ടേറിയറ്റില്‍ കൃത്യസമയത്ത് ജോലിക്കെത്താത്ത 3000 ലധികം പേര്‍ക്ക് പൊതുഭരണ സെക്രട്ടറി ബിശ്വനാഥ് സിന്‍ഹയുടെ നോട്ടീസ്. വൈകിയെത്തിയതിന് ചീഫ് സെക്രട്ടറിക്കും നോട്ടീസ് ലഭിച്ചിട്ടുണ്ട്. എന്നാല്‍ സ്വന്തം പേരുപോലും ഉള്‍പ്പെട്ട പട്ടിക ശരിയായി പരിശോധിക്കാതെയാണ് ബിശ്വനാഥ് സിന്‍ഹ വിശദീകരണം തേടിയതെന്നാണ് ജീവനക്കാരുടെ ആരോപണം.

ജീവനക്കാര്‍ വൈകുന്നത് ഒഴിവാക്കാന്‍ പൊതുഭരണ സെക്രട്ടറി ബിശ്വനാഥ് സിന്‍ഹയാണ് ബയോമെട്രിക് സംവിധാനത്തിന് മുന്‍കൈയെടുത്തത്. 10.15-ന് മുന്‍പായി കൃത്യമായി പഞ്ചു ചെയ്യണമെന്നായിരുന്നു വ്യവസ്ഥ. കഴിഞ്ഞ മാസം രാവിലെ 10.15 നു ശേഷം പഞ്ചു ചെയ്തവരുടെ പട്ടികയെടുത്തപ്പോള്‍ ഉന്നത ഉദ്യോഗസ്ഥരും പ്രൈവറ്റ് സെക്രട്ടറിമാരും ഉള്‍പ്പെടെ 3000-ത്തിലധികം പേര്‍. പട്ടികയിലുള്ളവരോട് പൊതുഭരണ സെക്രട്ടറി ബിശ്വാനാഥ് സിന്‍ഹ വിശദീകരണം ചോദിച്ചു. പക്ഷേ താമസിച്ചു വന്നവരുടെ പട്ടികയില്‍ ബിശ്വനാഥ് സിന്‍ഹയുമുണ്ടെന്നതായിരുന്നു ഇതിലെ തമാശ. മൂന്നു ദിവസമാണ് പൊതുഭരണ സെക്രട്ടറി രാവിലെ വൈകി പഞ്ച് ചെയ്തത്. 

ചീഫ് സെക്രട്ടറി പോള്‍ ആന്റണി ഒരു ദിവസം താമസിച്ചു. മിക്ക പ്രൈവറ്റ് സെക്രട്ടറിയുമാര്‍ക്കും ഐഎഎസ് ഉദ്യോഗസ്ഥര്‍ക്കും താമസിച്ചു വന്നതിന് നോട്ടീസ് ലഭിച്ചു. തീര്‍ത്തും അശാസ്ത്രീയമായ നടപടിയെന്നാണ് ജീവനക്കാരുടെ ഇതേക്കുറിച്ചുള്ള ജീവനക്കാരുടെ പരാതി. ആഴ്ചയില്‍ മൂന്നു ദിവസം 9.30ക്കും 5.30ക്കുമിടയില്‍ എട്ടു മണിക്കൂര്‍ ജോലി ചെയ്താ മതിയായിരുന്നു. ഇതു കഴിഞ്ഞ് 180 മിനിറ്റ് ഇളവുമുണ്ട്. ഈ ഇളവ് പോലും പരിഗണിക്കാതെയാണ് പലരും പട്ടികയില്‍ വന്നതെന്നാണ് ജീവനക്കാരുടെ പരാതി. 10.15-ന് പഞ്ച് ചെയ്യാത്തവരുടെ പട്ടിക പഞ്ചിംഗിന് മേല്‍നോട്ടക്കാരായ കെല്‍ട്രോണ്‍ ആണ് പൊതുഭരണവകുപ്പിന് നല്‍കിയത്. സ്വന്തം പേരുപോലും ഉള്‍പ്പെട്ട ഈ പട്ടികയില്‍ വേണ്ട പരിശോധന നടത്താതെ ബിശ്വനാഥ് സിന്‍ഹ വിശദീകരണം തേടുകയായിരുന്നുവെന്നാണ് സെക്രട്ടറിയേറ്റ് ജീവനക്കാരുടെ ആക്ഷേപം.