തിരുവനന്തപുരം: സിപിഎമ്മും സര്‍ക്കാരും മുന്‍കൈയ്യെടുത്ത് കൊണ്ടു വന്ന നവോത്ഥാന സമിതിയില്‍ വിള്ളല്‍. നവോത്ഥാന സമിതി ചെയര്‍മാനും എസ്എന്‍ഡിപി  ജനറല്‍ സെക്രട്ടറിയുമായ വെള്ളാപ്പള്ളി നടേശനെതിരെ കെപിഎംഎസ് ജനറല്‍ സെക്രട്ടറിയും നവോത്ഥാന സമിതി കണ്‍വീനറുമായ പുന്നല ശ്രീകുമാര്‍ രംഗത്തു വന്നതോടെയാണ് നവോത്ഥാന സമിതിയിലെ അഭിപ്രായ വ്യത്യാസങ്ങള്‍ മറ നീക്കി പുറത്തു വരുന്നത്. 

മതില്‍ പൊളിഞ്ഞെന്ന വെള്ളാപ്പള്ളിയുടെ പ്രസ്താവന ആശയക്കുഴപ്പം ഉണ്ടാക്കിയെന്നും ഇത് പ്രതിയോഗികള്‍ക്ക് കരുത്തു പകരുമെന്നും പുന്നല ശ്രീകുമാര്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ഇക്കാര്യത്തില്‍ അദ്ദേഹം ജാഗ്രത പുലര്‍ത്തേണ്ടിയിരുന്നു. ആത്മീയകാര്യങ്ങളില്‍ വിപ്ലവം കൊണ്ടു വരുന്പോള്‍ ചിലര്‍ക്ക് ദഹനക്കേടുണ്ടാവും. കാലങ്ങളായി പാലിക്കുന്ന ആചാരങ്ങളില്‍ വ്യത്യാസം വരുത്തുന്പോള്‍ അത് സ്വീകരിക്കാന്‍ ആളുകള്‍ക്ക് സമയം വേണ്ടി വരും - ശ്രീകുമാര്‍ പറയുന്നു. വരാനിരിക്കുന്ന ലോക്സഭാ തിര‍ഞ്ഞെടുപ്പില്‍ ശബരിമല വിവാദം നേട്ടമാക്കുക ബിജെപിക്കാവില്ല എല്‍ഡിഎഫിനായിരിക്കുമെന്നും പുന്നല ശ്രീകുമാര്‍ പറയുന്നു. 

നവോത്ഥാനമതിലിന് ശേഷം നവോത്ഥാന സമിതിയുടെ അടുത്ത യോഗം വ്യാഴാഴ്ച്ച ചേരാനിരിക്കേയാണ് പുന്നല ശ്രീകുമാറിന്‍റെ വാക്കുകള്‍. ലോക്സഭാ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് നവോത്ഥാന സമിതിയെ ഒരു സ്ഥിരം സംവിധാനമാക്കി മാറ്റാന്‍ എല്‍ഡിഎഫ് ആലോചിക്കുന്നതിനിടെയാണ് നവോത്ഥാന സമിതിയുടെ ചെയര്‍മാനെതിരെ കണ്‍വീനര്‍ വിമര്‍ശനവുമായി രംഗത്തു വന്നത്. ശബരിമല കര്‍മസമിതിയെ ആര്‍എസ്എസ് സ്ഥിരം സംവിധാനമാക്കി മാറ്റുകയും സര്‍ക്കാരിനെതിരായ ആയുധമാക്കി നിലനിര്‍ത്തുകയും ചെയ്യുന്ന സാഹചര്യത്തില്‍ ഇതിനെതിരെയുള്ള ബന്ദല്‍ പ്രസ്ഥാനമായാണ് നവോത്ഥാന സമിതിയെ സിപിഎം കാണുന്നത്.