റായ്പൂര്‍: പാല്‍ മാത്രമല്ല ഗോമൂത്രത്തി്‌ലൂടെയും കര്‍ഷകന്റെ പോക്കറ്റിലേക്ക് പണം വീഴ്ത്താനുള്ള നടപടിയുമായി ഛത്തീസ്ഗഡ് സര്‍ക്കാര്‍ സമിതിയുടെ ശുപാര്‍ശ. ലിറ്ററിന് പത്തുരൂപാ നിരക്കില്‍ ഗോമൂത്രം സംഭരിക്കാനാണ് ഗോ സേവാ ആയോഗ് ശുപാര്‍ശ നല്‍കിയിട്ടുള്ളത്. പശുക്കളെ ഉപേക്ഷിക്കുന്നതും കൊല്ലുന്നതും തടയാനുള്ള നീക്കമാണിത്. ദേശീയമാധ്യമമായ ഹിന്ദു സ്ഥാന്‍ ടൈംസ് ആണ് വാര്‍ത്ത പുറത്ത് വിട്ടത്.

ബിജെപി നേതാവിന്റെ ഉടമസ്ഥതയിലുള്ള ഗോശാലയില്‍ നിന്നും 200 പശുക്കള്‍ പട്ടിണി കിടന്ന് ചത്തിരുന്നു. ഇത് സംസ്ഥാനം ഭരിക്കുന്ന ബിജെപി സര്‍ക്കാരിന് നാണക്കേടുണ്ടാക്കിയ സാഹചര്യത്തിലാണ് പുതിയ ശുപാര്‍ശക്കളുമായി സര്‍ക്കാര്‍ സമിതി തന്നെ രംഗത്ത് എത്തിയത്.

പത്തുരൂപയ്ക്ക് ഗോമൂത്രം ശേഖരിച്ചാല്‍ കര്‍ഷകന്റെ സാമ്പത്തിക ഭദ്രത ഉറപ്പുവരുത്താമെന്നും പ്രായം ചെന്ന പശുക്കളെ സംരക്ഷിക്കാമെന്നും സമിതി ചൂണ്ടികാണിക്കുന്നു. ഗോമൂത്രത്തിന് അഞ്ച് മുതല്‍ ഏഴ് രൂപ വരെ നല്‍കിയാല്‍ കര്‍ഷകര്‍ പ്രായമായ പശുക്കളെ ഉപേക്ഷിക്കില്ലെന്ന് സമിതി അധ്യക്ഷന്‍ വിശേഷാല്‍ പട്ടേല്‍ പറഞ്ഞു. വളവും കീടനാശിനിയും അടക്കമുള്ളവ നിര്‍മ്മിക്കുന്നത് സംബന്ധിച്ച ഗവേഷണങ്ങള്‍ക്ക് കര്‍ഷകരില്‍ നിന്ന് ശേഖരിക്കുന്ന ഗോമൂത്രം ഉപയോഗിക്കാമെന്നും സമിതി പറഞ്ഞു.

ഛത്തീസ്ഗഡിലുള്ള കര്‍ഷകരില്‍ മുക്കാല്‍ ഭാഗവും പശുക്കളെ വളര്‍ത്തി ജീവിതം മുന്നോട്ട് നയിക്കുന്നവരാണ്. പശുക്കളെ പരിപാലിക്കാനും വളര്‍ത്താനും കര്‍ഷകര്‍ക്ക് ബോധവത്ക്കരണം നല്‍കുമെന്നും പട്ടേല്‍ വ്യക്തമാക്കി. എന്നാല്‍ പാല്‍ ലഭിക്കാത്തത് മൂലമാണ് കര്‍ഷകര്‍ പശുക്കളെ ഉപേക്ഷിക്കുന്നതെന്ന് സമിതി ചൂണ്ടിക്കാട്ടിയിട്ടുണ്ട്.