കൊല്ലം: വരുന്ന തിങ്കളാഴ്ച പുറ്റിങ്ങലില്‍ വെടിക്കെട്ട് ദുരന്തം നടന്നിട്ട് ഒരു വര്‍ഷം തികയുകയാണ്. വെടിക്കെട്ട് ദുരന്തത്തില്‍ തകര്‍ന്ന നിരവധി വീടുകള്‍ കാണാം പുറ്റിങ്ങലെത്തിയാല്‍. പലര്‍ക്കും വീട് നന്നാക്കാനുള്ള പണം സര്‍ക്കാര്‍ ഇതുവരെയും നല്‍കിയിട്ടില്ല. ഫണ്ട് തികഞ്ഞില്ല എന്നാണ് കൊല്ലം ജില്ലാ ഭരണകൂടത്തിന്‍റെ ഇക്കാര്യത്തിലുള്ള മറുപടി.

തങ്കമ്മയുടെ വീട് പുറ്റിങ്ങല്‍ ക്ഷേത്രത്തിന് തൊട്ട്പിറകിലാണ്, കഴിഞ്ഞ വര്‍ഷം കമ്പപ്പുരയില്‍ കനത്ത സ്ഫോടനമുണ്ടായപ്പോള്‍ കോണ്‍ക്രീറ്റ് പാളികള്‍ വന്നിടിച്ച് വീടിന്‍റെ മുൻഭാഗം വിണ്ട് കീറി. ഓട്മേഞ്ഞ വീട് ഭാഗികമായി നശിച്ചു. ദുരന്തത്തിന്‍റെ ആഘാതത്തില്‍ അന്ന് വീട് വിട്ട്പോയ ഇവര്‍ മാസങ്ങള്‍ക്ക് ശേഷമാണ് ഇവിടേക്ക് തിരിച്ചെത്തിയത്. വീട് നന്നാക്കാൻ മുട്ടാത്ത വാതിലുകളില്ല..താലൂക്ക് ഓഫീസിലും ജില്ലാ കളക്ട്രേറ്റിലും നിരവധി തവണ കയറിയിറങ്ങി.

പൊതുമരാമത്ത് വിഭാഗം തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ ഈ വീടും സമീപത്തെ ചില വീടുകളും വെടിക്കെട്ട് ദുരന്തത്തിലല്ല തകര്‍ന്നതെന്നാണ് കണ്ടെത്തല്‍. ഫണ്ടെല്ലാം തീര്‍ന്നെന്നും അധികൃതര്‍ പറയുന്നു. മഴയും കാറ്റും വരുമ്പോള്‍ സമീപത്തെ വീടുകളിലേക്കാണ് ഈ അമ്മ അഭയം തേടുന്നത്..പക്ഷേ എന്നെങ്കിലും വീട് നന്നാക്കാൻ അധികൃതരെത്തുമെന്ന പ്രതീക്ഷ ഇവര്‍ക്കുണ്ട്

 അന്വേഷിച്ചപ്പോള്‍ പന്ത്രണ്ട് വീടുകള്‍ക്ക് ഇനിയും അറ്റകുറ്റപ്പണി നടത്താൻ പണം നല്‍കാനുണ്ടെന്നാണ് മനസിലായത്. പൊതുമരമാത്ത് വിഭാഗം കൃത്യമായ റിപ്പോര്‍ട്ട് നല്‍കാത്തതിനാല്‍ പുറ്റിങ്ങലില്‍ തങ്കമ്മയെപ്പോലെ നിരവധിപേര്‍ വീടെന്ന സുരക്ഷിതത്വത്തിന് വെളിയിലാണിപ്പോള്‍.