കോഴിക്കോട്: ബി.ജെ.പി നേതാവ് ഉപരാഷ്‌ട്രപതിയാകുന്നതില്‍ മുസ്ലീം ലീഗിനുണ്ടായിരുന്ന ആശങ്ക, വെങ്കയ്യ നായിഡുവിന്‍റെ പ്രവര്‍ത്തനത്തിലൂടെ ഇല്ലാതെയായെന്ന് പി.വി അബ്ദുല്‍ വഹാബ് എം.പി. കോഴിക്കോട് റൗളത്തുള്‍ ഉലൂം അറബിക്ക് കോളേജ് പ്ലാറ്റിനം ജൂബിലി ആഘോഷ ചടങ്ങിലായിരുന്നു വഹാബിന്‍റെ പ്രശംസ. എന്നാല്‍ തനിക്ക് രാഷ്‌ട്രീയമോ നിറങ്ങളുടെ വ്യത്യാസമോ ഇല്ലെന്ന് ഉപരാഷ്‌ട്രപതി പറഞ്ഞു. 

ഉപരാഷ്‌ട്രപതി തെരഞ്ഞെടുപ്പില്‍ വൈകിയത്തിയത് വഴി പി.വി അബ്ദുല്‍ വഹാബും പി.കെ കുഞ്ഞാലിക്കുട്ടിയും വോട്ട് പാഴാക്കിയിരുന്നു. എന്നാല്‍ ഉപരാഷ്‌ട്രപതിയെ വേദിയിലിരുത്തി അബ്ദുല്‍ വഹാബ് പ്രശംസിക്കുന്ന കാഴ്ചയാണ് കോഴിക്കോട് കണ്ടത്. മുസ്ലീം ലീഗിന് രാജ്യസഭയില്‍ സംസാരിക്കാന്‍ ഉപരാഷ്‌ട്രപതി കൂടുതല്‍ അവസരം നല്‍കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. പിന്നാലെ മന്ത്രി കെ.ടി. ജലീലും വെങ്കയ്യനായിഡുവിനെ പ്രശംസ കൊണ്ട് മൂടി. മതേതര മിതവാദ മുഖമാണ് ഉപരാഷ്‌ട്രപതി വെങ്കയ്യനായിഡുവെന്നായിരുന്നു ജലീലിന്റെ അഭിപ്രായം. തനിക്ക് രാഷ്‌ട്രീയമോ നിറങ്ങളുടെ വ്യത്യാസമോ ഇല്ലെന്ന് ഉപരാഷ്‌ട്രപതി മറുപടിയും നല്‍കി. മുസ്ലിം പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസം ഉറപ്പ് വരുത്തേണ്ടത് രാഷ്‌ട്ര പുരോഗതിക്ക് അനിവാര്യമാണെന്നും ഉപരാഷ്‌ട്രപതി പറഞ്ഞു.