പി.വി അന്‍വര്‍ എം.എല്‍.എയുടെ നിയമ ലംഘനം തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രിയുടെ ഓഫീസും അറിഞ്ഞിരുന്നു എന്നതിന്റെ രേഖകള്‍ പുറത്ത്. ചീങ്കണ്ണിപ്പാലിയില്‍ അനധികൃത റോപ്പ് വേ നിര്‍മ്മാണം സംബന്ധിച്ച് ലഭിച്ച പരാതിയില്‍ അനന്തര നടപടികള്‍ സ്വീകരിക്കാന്‍ മന്ത്രിയുടെ ഓഫീസ്, പഞ്ചായത്തിന് നിര്‍ദേശം നല്‍കിയതായുള്ള രേഖ ഏഷ്യാനെറ്റ് ന്യൂസ് ലഭിച്ചു. എന്നാല്‍ പഞ്ചായത്ത് സെക്രട്ടറിയുടെ നിര്‍ദേശം മറികടന്നാണ് റോപ്പ് വേ നിര്‍മ്മാണവുമായി എം.എല്‍.എ മുന്നോട്ട് പോയതെന്ന് ഊര്‍ങ്ങാട്ടിരി പഞ്ചായത്തില്‍ നിന്ന് ലഭിച്ച രേഖകള്‍ വ്യക്തമാക്കുന്നു.
ചീങ്കണ്ണിപ്പാലിയില്‍ ഭാര്യാപിതാവിന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് രണ്ട് മലകളെ ബന്ധിച്ച് പി.വി അന്‍വര്‍ എം.എല്‍.എ റോപ്പ് വേ നിര്‍മ്മിച്ചത് ഏഷ്യാനെറ്റ് ന്യൂസ് വാര്‍ത്താ പരമ്പരയിലൂടെ പുറത്ത് കൊണ്ട് വന്നിരുന്നു. താന്‍ ചെയ്ത നിയമലംഘനം പിഴയടച്ച് ക്രമപ്പെടുത്തും എന്ന മറുപടിയായിരുന്നു എം.എല്‍.എ നല്‍കിയത്. എന്നാല്‍ നിയമലംഘനം പഞ്ചായത്തിന്റെ ശ്രദ്ധയില്‍പെട്ടിരുന്നു എന്ന് വ്യക്തമാക്കുന്ന രേഖയാണ് പുറത്തുവന്നത്. ഭാര്യാപിതാവിന്റെ സ്ഥലത്ത് നിര്‍മ്മിച്ച റോപ് വേ പൊളിച്ച് കളയണമെന്ന് പഞ്ചായത്ത് ഇക്കഴിഞ്ഞ എട്ടിന് തന്നെ നിര്‍ദേശം നല്‍കിയിരുന്നു. പക്ഷേ പഞ്ചായത്തിന്റെ നോട്ടീസ് എം.എല്‍.എ ഗൗനിച്ചില്ല. തുടര്‍ന്ന് തദ്ദേശ ഭരണ വകുപ്പിന് മുന്നിലും ഈ നിയമ ലംഘനം സംബന്ധിച്ച പരാതി ലഭിച്ചിരുന്നു. 
കിട്ടിയ പരാതിയിന്മേല്‍ നടപടി സ്വീകരിക്കാന്‍ തദ്ദേശ ഭരണ വകുപ്പ് മന്ത്രിയുടെ ഓഫീസ് ഊര്‍ങ്ങാട്ടിരി പഞ്ചായത്തിന് നിര്‍ദേശം നല്‍കുകയും ചെയ്തു. ഇതിന്മേലുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്നാണ് പഞ്ചായത്തില്‍ നിന്നുള്ള പ്രതികരണം. അങ്ങിനെയെങ്കില്‍ ചീങ്കണ്ണിപ്പാലിയില്‍ എം.എല്‍.എ നിര്‍മ്മിച്ച തടയണ പൊളിച്ച് മാറ്റുന്നതിന് പിന്നാലെ അനധികൃത റോപ്പ് വേ നിര്‍മ്മാണത്തിന് എതിരേയുള്ള നടപടിയും ഉണ്ടാകുമെന്നാണ് അറിയുന്നത്. തടയണ പൊളിക്കുന്നതിനുള്ള നടപടികള്‍ ജില്ലാ ഭരണകൂടം തുടങ്ങിക്കഴിഞ്ഞു. ഇതിനായി എം.എല്‍.എയുടെ വിശദീകരണം തേടിയെങ്കിലും കൂടുതല്‍ സമയം ആവശ്യപ്പെട്ടിരിക്കുകയാണ്.
