മലപ്പുറം: ചീങ്കണ്ണിപ്പാലിയില്‍ നിര്‍മ്മിച്ച തടയണ പൊളിക്കരുതെന്നാവശ്യപ്പെട്ട് ആദിവാസികളെയടക്കം നിരത്തി പി.വി. അന്‍വര്‍ എംഎല്‍എയുടെ സമരനാടകം. ഊർങ്ങാട്ടിരി പഞ്ചായത്ത് ടൂറിസം സംരക്ഷണസമിതിയുടെ പേരില്‍ മലപ്പുറം കലക്ടറേറ്റിന് മുന്‍പിലാണ് പി.വി. അന്‍വര്‍ മുന്‍കൈ എടുത്ത് പ്രതിഷേധധര്‍ണ്ണ സംഘടിപ്പിച്ചത്. ചീങ്കണ്ണിപ്പാലിക്ക് സമീപപ്രദേശത്തുള്ള ആദിവാസികോളനികളില്‍ നിന്നുള്ളവര്‍ മുതല്‍ ഊര്‍ങ്ങാട്ടിരി പഞ്ചായത്ത് അംഗങ്ങളെ വരെ പ്രതിഷേധ പരിപാടിയില്‍ അണിനിരത്തിയിരുന്നു.

പഞ്ചായത്തിലെ ടൂറിസം പദ്ധതികള്‍ക്കെതിരെ പ്രവര്‍ത്തിക്കുന്ന ലോബിയാണ് ഇപ്പോഴത്തെ സംഭവവികാസങ്ങള്‍ക്കു പിന്നിലെന്നായിരുന്നു ഇവരുടെ ആരോപണം. വികസനം മാത്രമാണ് പ്രദേശത്ത് അന്‍വര്‍ കൊണ്ടു വന്നത്. തടയണ നിര്‍മ്മിച്ചത് കൊണ്ട് ആദിവാസി കോളനികളില്‍ കുടിവെള്ള പ്രശ്നമുണ്ടെന്ന പ്രചരണം തെററാണെന്ന നിലപാടിലായിരുന്നു പരിപാടിക്കെത്തിയ കോളനി നിവാസികള്‍. സിപിഎം ജില്ലാ നേതൃത്വത്തിന്‍റ അനുമതിയില്ലാതെ പി.വി അന്‍വര്‍ തന്നെ മുന്‍കൈ എടുത്താണ് പരിപാടി സംഘടിപ്പിച്ചതെന്നാണ് സുചന.