ദോഹ; നയതന്ത്ര പ്രതിസന്ധി രൂക്ഷമായതിനെ തുടർന്ന് ചില വിമാനക്കമ്പനികൾ ഖത്തറിലേക്കും പുറത്തേക്കുമുള്ള സർവീസുകൾ നിർത്തിവെച്ചത് യാത്രക്കാരെ ബുദ്ധിമുട്ടിലാക്കി. പ്രതിസന്ധി തുടരുകയാണെങ്കിൽ വേനലവധിയും റംസാനും പ്രമാണിച്ചു നാട്ടിലേക്ക് മടങ്ങുന്ന മലയാളികൾക്ക് കനത്ത സാമ്പത്തിക നഷ്ടമുണ്ടായേക്കുമെന്നാണ് സൂചന.
സൗദി അറേബ്യ, യു.എ.ഇ, ബഹ്‌റൈൻ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള ചുരുങ്ങിയത് ആറോളം വിമാനകമ്പനികളാണ് ഇന്നലെ അർധരാത്രിയോടെ ഖത്തറിലേക്കും ഖത്തറിൽ നിന്ന് പുറത്തേക്കുമുള്ള സർവീസുകൾ നിർത്തിവെച്ചത്.ദേശീയ വിമാന കമ്പനിയായ ഖത്തർ എയർവെയ്സും നാല് രാജ്യങ്ങളിലേക്കുള്ള സർവീസുകൾ റദ്ധാക്കിയിട്ടുണ്ട്. വേനലവധിയായതിനാൽ കേരളത്തിലെ വിവിധ കേന്ദ്രങ്ങളിലേക്ക് മറ്റു ഗൾഫ് രാജ്യങ്ങൾ വഴിയുള്ള കണക്ഷൻ ഫ്‌ളൈറ്റുകളെ ആശ്രയിക്കുന്ന ആയിരക്കണക്കിന് യാത്രക്കാരെ ഇത് പ്രതികൂലമായി ബാധിക്കും.
ഈ ഫ്‌ളൈറ്റുകളിൽ ടിക്കറ്റെടുത്തവരും ബുക്ക് ചെയ്തവരുമായ നിരവധി യാത്രക്കാർ ടിക്കറ്റുകൾ റദ്ദാക്കാനും പകരം മറ്റ് വിമാനങ്ങളിൽ യാത്ര ഉറപ്പാക്കാനുമായി സമീപിക്കുന്നതായി ഈ രംഗത്തു പ്രവർത്തിക്കുന്നവർ പറയുന്നു. ഇന്ന് മുതൽ ഇനി ഒരറിയിപ്പ് ഉണ്ടാകുന്നത് വരെ ദോഹയിൽ നിന്ന് അകത്തേക്കും പുറത്തേക്കുമുള്ള സർവീസുകൾ നിർത്തിവെക്കുന്നതായി എമിറേറ്റ്സ് എയർലൈൻസ് അറിയിച്ചിട്ടുണ്ട്. ഈ റൂട്ടിൽ എമിറേറ്റ്സിൽ ടിക്കറ്റ് ബുക്ക് ചെയ്തവർക്ക് പകരം സംവിധാനം ഒരുക്കുമെന്നും എമിറേറ്റ്സ് ഔദ്യോഗിക വെബ്‌സൈറ്റിൽ അറിയിച്ചു.
ഇതിനു പുറമെ ഖത്തറിൽ നിന്നും ദുബായ് വഴി പോകുന്ന എല്ലാ വിമാനങ്ങൾക്കും ദുബായിയുടെ വ്യോമമേഖലയിൽ നിരോധനം ഏർപെടുത്തിയതിനാൽ ജെറ്റ് എയർവേയ്‌സ് ഉൾപ്പെടെ ഇന്ത്യയിലേക്കുള്ള വിമാനങ്ങൾ ഇറാൻറെ വ്യോമമേഖല വഴിയാണ് ഇന്ത്യയിലേക്ക് പറക്കുന്നത്. ദുബായ് വഴിയുള്ള എളുപ്പ വഴി ഒഴിവാക്കി ടെഹ്‌റാൻ വഴി പോകുന്നതിനാൽ യാത്രാസമയം 30 മിനുട്ടോളം വർധിക്കുന്നതിന് പുറമെ അധിക ഇന്ധനം ആവശ്യമായി വരുന്നതായും ജെറ്റ് എയർവേയ്‌സ് വക്താവ് അറിയിച്ചു.
