ന്യൂയോര്‍ക്ക്: ജിസിസി രാജ്യങ്ങള്‍ക്കിടയിലെ പ്രതിസന്ധിക്ക് അയവ് വരുത്താനായി കുവൈത്ത് നടത്തുന്ന മധ്യസ്ഥശ്രമങ്ങള്‍ക്ക് പിന്തുണ നല്‍കി അമേരിക്കയും, ഐക്യരാഷ്‌ട്ര രക്ഷാസമിതിയും. അമേരിക്കയില്‍ സന്ദര്‍ശനം നടത്തുന്ന കുവൈത്ത് പാര്‍ലമെന്ററി കാര്യവകുപ്പ് മന്ത്രിയെയാണ് ഇവര്‍ പിന്തുണ അറിയിച്ചത്. അമേരിക്കന്‍ സ്‌റ്റേറ്റ് സെക്രട്ടറി റെക്‌സ് ടില്ലേഴ്‌സണുമായും, ഐക്യരാഷ്ട്ര സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറെസുമായും കുവൈറ്റ് പാര്‍ലമെന്ററി കാര്യവകുപ്പ് മന്ത്രി ഷേഖ് മൊഹമ്മദ് അബ്ദുള്ള അല്‍ സാബായുമായി വാഷിംഗ്ടണില്‍ കൂടിക്കാഴ്ച നടത്തിയിരുന്നു.

ഖത്തര്‍ വിഷയവുമായി ബന്ധപ്പെട്ട് ഉടലെടുത്ത നയതന്ത്ര പ്രശ്‌നങ്ങള്‍ ഒത്തുതീര്‍പ്പാക്കുന്നതിന് കുവൈറ്റ് നടത്തുന്ന ശ്രമങ്ങള്‍ക്ക് അമേരിക്ക നല്‍കുന്ന പിന്തുണ ടില്ലേഴ്‌സണ്‍ ആവര്‍ത്തിച്ചിട്ടുണ്ട്.ഗള്‍ഫ് മേഖലയിലെ പ്രതിസന്ധി പരിഹരിക്കാന്‍ കുവൈറ്റ് അമീര്‍ ഷേഖ് സാബാ അല്‍ അഹ്മദ് അല്‍ ജാബെര്‍ അല്‍ സാബാ നടത്തുന്ന മധ്യസ്ഥശ്രമങ്ങള്‍ക്ക് അന്താരാഷ്‌ട്ര സമൂഹത്തിന്റെ പിന്തുണയുണ്ടാകുമെന്ന് ഐക്യരാഷ്ട്രട സഭ സെക്രട്ടറി ജനറലും ഉറപ്പുനല്‍കി.

പ്രസ്തുത വിഷയത്തില്‍ പരിഹാരം കണ്ടെത്താനും പ്രതിസന്ധി ഒഴിവാക്കാനും അമീറിന് സാധിക്കുമെന്ന് പ്രത്യാശ പ്രകടിപ്പിച്ചു. ഭീകരപ്രവര്‍ത്തനങ്ങളെ തടയുകയും തീവ്രവാദത്തെ നേരിടുന്നതിനുമായിരിക്കും മുന്‍ഗണന നല്‍കുകയെന്ന് ഇരുനേതാക്കളും വ്യക്തമാക്കിയിട്ടുമുണ്ട്.