ഖത്തറിൽ വിദേശികൾക്കുള്ള എക്സിറ്റ് പെർമിറ്റ് പൂർണമായും സൗജന്യമാക്കിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. രാജ്യത്തിനു പുറത്തു കടക്കുന്നതിനാവശ്യമായ നടപടിക്രമങ്ങളെല്ലാം ഓൺലൈൻ വഴിയാണ് പൂർത്തിയാക്കേണ്ടത്. എക്സിറ് പെർമിറ്റ് ഇനി മുതൽ പ്രിന്റ് ഔട്ട് രൂപത്തിൽ നൽകേണ്ടതില്ലെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ച
ഖത്തറിൽ നിന്ന് പുറത്തേക്ക് പോകുന്ന വിദേശികൾക്കും പതിനെട്ടു വയസ്സ് പൂർത്തിയായിട്ടില്ലാത്ത സ്വദേശികളായ കുട്ടികൾക്കും എക്സിറ്റ് പെർമിറ്റ് ഇനി മുതൽ പൂർണമായും സൗജന്യമായിരിക്കും. മെട്രാഷ് 2 എന്ന മൊബൈൽ ആപ്ളിക്കേഷൻ വഴിയോ മന്ത്രാലയത്തിന്റെയോ ഹുകുമിയുടെയോ വെബ്‌സൈറ്റ് വഴിയോ എക്സിറ്റ് രേഖകൾ ശരിയാക്കാനാവും. വ്യക്തിഗത സ്‌പോൺസർഷിപ് നിലവിലുള്ളവർക്കും കമ്പനി വിസയിലുള്ളവർക്കും ഓരോ തവണ രാജ്യം വിടുമ്പോഴും എക്സിറ്റ് പെർമിറ്റിനായി പത്തു റിയൽ വീതം നൽകണമെന്നായിരുന്നു വ്യവസ്ഥ. ഇത് സൗജന്യമാക്കിയതോടോപ്പം എക്സിറ്റ് പെര്‍മിറ്റിന്റെ കാലാവധി ഏഴു ദിവസമായിരുന്നത് 10 ദിവസം മുതൽ ഒരു വർഷം വരെ ആവശ്യാനുസരണം ഉപയോഗിക്കാവുന്ന തരത്തിൽ കാലാവധി നീട്ടി നൽകിയിട്ടുണ്ട്. ഒരു വർഷത്തെ എക്സിറ്റ് പെർമിറ്റ് ഉൾപ്പെടെ രാജ്യം വിടുന്നതിന് ഒരു തരത്തിലുള്ള നിരക്കും ഈടാക്കില്ലെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
പുതിയ നിയമം ദിവസങ്ങൾക്ക് മുമ്പ് തന്നെ നിലവിൽ വന്നെങ്കിലും ആഭ്യന്തര മന്ത്രാലയം ഇപ്പോഴാണ് ഇക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിക്കുന്നത്. രാജ്യത്ത് പുതിയ തൊഴിൽ നിയമം പ്രാബല്യത്തിൽ വന്നതോടെ എക്സിറ് പെര്മിറ്റുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ കൈകാര്യം ചെയ്യാൻ പ്രത്യേക തർക്ക പരിഹാര കമ്മിറ്റി രൂപീകരിച്ചതും പ്രവാസികൾക്ക് വലിയ അളവിൽ ആശ്വാസമായിട്ടുണ്ട്. ഒരു മാസത്തിനിടെ ലഭിച്ച 498 പരാതികളിൽ 70 ശതമാനവും പരിഹരിച്ചു കഴിഞ്ഞതായി കമ്മിറ്റി കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു.
ഇതിനിടെ പിഴയടക്കാത്തതിനാൽ വിമാനത്താവളത്തിൽ നിന്നും തിരിച്ചു പോരേണ്ടി വരുന്ന യാത്രക്കാരെ സഹായിക്കാനായി ഹമദ് രാജ്യാന്തര വിമാനത്താവളത്തിൽ ഖത്തർ പബ്ലിക് പ്രോസിക്യൂഷൻ പ്രത്യേക ഓഫീസ് ആരംഭിച്ചു. യാത്രക്കാർക്ക് ഏതെങ്കിലും തരത്തിലുള്ള പിഴ തുക അടക്കാനുണ്ടെങ്കിൽ അത് പൂർത്തിയാക്കി യാത്രാ വിലക്ക് ഒഴിവാക്കാൻ ഇവിടെ സംവിധാനം ഒരുക്കിയിട്ടുണ്ട്.
