ദോഹ: ഖത്തറില്‍ നിന്നുള്ള തീര്‍ഥാടകരെ കൊണ്ട് വരാന്‍ സൗദി എയര്‍ലൈന്‍സ് വിമാനങ്ങള്‍ക്ക് ഖത്തറില്‍ ഇറങ്ങാനുള്ള അനുമതി ലഭിച്ചില്ല. ഇതോടെ ഖത്തറില്‍ നിന്നുള്ള പല തീര്‍ഥാടകരുടേയും ഹജ്ജ് യാത്ര അനിശ്ചിതത്വത്തിലായി. പതിനൊന്നു ലക്ഷത്തിലധികം വിദേശ തീര്‍ഥാടകര്‍ ഇതുവരെ ഹജ്ജിനെത്തി.ഖത്തറില്‍ നിന്നുള്ള തീര്‍ഥാടകര്‍ സൗദി രാജാവിന്റെ അതിഥികളായി ഹജ്ജ് നിര്‍വഹിക്കുമെന്നും ഇവര്‍ക്കായി സൗദി ഖത്തര്‍ അതിര്‍ത്തി തുറന്നു കൊടുക്കുമെന്നും കഴിഞ്ഞ ദിവസം സൗദി വ്യക്തമാക്കിയിരുന്നു. ഇതിനായി ദോഹയില്‍ നിന്നും സൗദി എയര്‍ലൈന്‍സ് നാളെ മുതല്‍ ഏഴു സര്‍വീസുകള്‍ നടത്താനും തീരുമാനിച്ചിരുന്നു.
എന്നാല്‍ തീര്‍ഥാടകരെ കൊണ്ട് വരാനുള്ള വിമാനങ്ങള്‍ക്ക് ഖത്തറില്‍ ഇറങ്ങാന്‍ അനുമതി ലഭിച്ചില്ലെന്ന് സൗദി എയര്‍ലൈന്‍സ് അറിയിച്ചു. കഴിഞ്ഞ ദിവസം മധ്യസ്ഥ ശ്രമവുമായി സൌദിയില്‍ എത്തി സൗദി രാജാവുമായും കിരീടാവകാശിയുമായും ചര്‍ച്ച നടത്തിയ ഖത്തര്‍ അമീര്‍ കുടുംബാംഗം അബ്ദുള്ള ബ്വിന്‍ അലി അല്‍താനിയും സൗദി വിമാനങ്ങള്‍ക്ക് അനുമതി ലഭിക്കാത്ത കാര്യം സ്ഥിരീകരിച്ചു. അതേസമയം സല്‍വാ അതിര്‍ത്തി വഴി ഖത്തറില്‍ നിന്നും ഇരുനൂറിലധികം തീര്‍ഥാടകര്‍ സൌദിയിലെത്തി. വിദേശ രാജ്യങ്ങളില്‍ നിന്നും പതിനൊന്നര ലക്ഷം തീര്‍ഥാടകര്‍ ഇതുവരെ ഹജ്ജിനെത്തി.
ഹജ്ജ് ക്വാട്ട പുനസ്ഥാപിച്ച സാഹചര്യത്തില്‍ ഈ വര്‍ഷം കഴിഞ്ഞ വര്‍ഷത്തേക്കാള്‍ എട്ടു ലക്ഷം കൂടുതല്‍ തീര്‍ഥാടകര്‍ ഹജ്ജ് നിര്‍വഹിക്കുമെന്നാണ് പ്രതീക്ഷ. മക്കയിലെ ഹറം പള്ളിയില്‍ വിപുലീകരണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനാല്‍ 2013-ല്‍ ഹജ്ജ് ക്വാട്ട വെട്ടിക്കുറച്ചിരുന്നു. പള്ളിയുടെ വിപുലീകരണ പ്രവര്‍ത്തനങ്ങള്‍ ഏതാണ്ട് പൂര്‍ത്തിയായ സാഹചര്യത്തിലാണ് ഈ വര്‍ഷം മുതല്‍ ക്വാട്ട പുനസ്ഥാപിച്ചത്. ഹജ്ജിനുള്ള അനുമതി പത്രമില്ലാതെ മക്കയിലേക്ക് കടക്കാന്‍ ശ്രമിച്ച ഒരു ലക്ഷത്തി ഇരുപതിനായിരം പേരെ ചെക്ക്പോയിന്റുകളില്‍ വെച്ച് തിരിച്ചയച്ചു. കഴിഞ്ഞ വ്യാഴാഴ്ച വരെയുള്ള കണക്കാണിത്. ഇവര്‍ക്ക് യാത്രാ സഹായം നല്‍കിയ 61,600 വാഹനങ്ങളും പിടിയിലായി.
