ദോഹ: ഈ വര്‍ഷത്തെ ചെറിയ പെരുന്നാള്‍ ഖത്തറിലെ സ്വദേശികളും വിദേശികളും ഖത്തറിനുള്ള ഐക്യദാര്‍ഢ്യ ദിനമായി ആചരിച്ചു. സോഷ്യല്‍ ഫോറത്തിന്റെ ആഭിമുഖ്യത്തില്‍ പെരുന്നാള്‍ നമസ്കാരത്തിന് ശേഷം നടന്ന ഐക്യദാര്‍ഢ്യ പരിപാടിയില്‍ സ്ത്രീകളും കുട്ടികളുമടക്കം നിരവധി പേര് പങ്കെടുത്തു.
ഖത്തറിന്റെ പതാകകളും അമീര്‍ ഷെയ്ഖ് തമീമിന്റെ ചിത്രം ആലേഖനം ചെയ്ത ടീ ഷര്‍ട്ടും ധരിച്ചാണ് ഇന്ന് പലരും പെരുന്നാള്‍ നമസ്കാരത്തിനായി പള്ളികളിലും ഈദ് ഗാഹുകളിലും എത്തിയത്. കുല്ലുനാ ഖത്തര്‍ അഥവാ ഞങ്ങള്‍ ഖത്തറിനൊപ്പം എന്ന തലക്കെട്ടില്‍ രാജ്യമെമ്പാടും നടക്കുന്ന ഐക്യദാര്‍ഢ്യ പരിപാടിയില്‍ പ്രവാസി സമൂഹവും പങ്കാളികളായി. രാവിലെ അഞ്ചുമണിക്ക് അല്‍ അഹ്!ലി സ്പോര്‍ട്സ് ക്ലബ്ബിനു സമീപമുള്ള അലി ബിന്‍ അലി മസ്ജിദില്‍ നടന്ന പെരുന്നാള്‍ നമസ്കാരത്തിന് ശേഷം നൂറുകണക്കിന് സോഷ്യല്‍ ഫോറം പ്രവര്‍ത്തകര്‍ ഒത്തുകൂടി ഖത്തറിനുള്ള ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു.
അയല്‍ രാജ്യങ്ങള്‍ പ്രഖ്യാപിച്ച ഉപരോധത്തില്‍ ഏതു പ്രതിസന്ധിഘട്ടങ്ങളെയും തരണം ചെയ്യാന്‍ ഖത്തര്‍ ജനതയോടൊപ്പം ഞങ്ങളുമുണ്ടെന്ന സന്ദേശമാണ് പെരുന്നാള്‍ ദിനത്തില്‍ പ്രവാസി സമൂഹം രാജ്യത്തിന് കൈമാറിയത്.
ഉപരോധത്തെ തുടര്‍ന്നുണ്ടായ പ്രതിസന്ധി മറികടക്കാന്‍ ദൈവത്തോടുള്ള ആത്മാര്‍ത്ഥമായ പ്രാര്‍ത്ഥനക്കൊപ്പം ഭരണ കര്‍ത്താക്കളുടെ തീരുമാനങ്ങളോട് ചേര്‍ന്ന് നില്‍ക്കാനുള്ള അചഞ്ചലമായ മനസ്സാന്നിധ്യം കൂടി ഉണ്ടാവണമെന്ന് വിവിധ കേന്ദ്രങ്ങളില്‍ നടന്ന പെരുന്നാള്‍ പ്രഭാഷണങ്ങളില്‍ ആഹ്വാനം ചെയ്തു.
