ദോഹ: ഖത്തറില്‍ വിദേശികളുടെ താമസാനുമതി രേഖ പുതുക്കുന്നതിന് ഓണ്‍ലൈന്‍ സംവിധാനം നിലവില്‍ വന്നു. ഇതനുസരിച്ച് കമ്പനികള്‍ക്കും വ്യക്തികള്‍ക്കും മന്ത്രാലയത്തെ സമീപിക്കാതെ തന്നെ വെബ്സൈറ്റ് വഴിയോ മെട്രാഷ് - ടു വഴിയോ താമസ രേഖ പുതുക്കാന്‍ കഴിയും. സര്‍ക്കാര്‍ സേവനങ്ങള്‍ പരമാവധി ഓണ്‍ലൈന്‍ വഴിയാക്കുന്നതിന്റെ ഭാഗമായാണ് രാജ്യത്തെ വിദേശ തൊഴിലാളികളുടെ റെസിഡന്‍സ് പെര്‍മിറ്റ് പുതുക്കാനുള്ള സൗകര്യം കൂടി മെട്രാഷില്‍ ഉള്‍പ്പെടുത്തിയത്.
കമ്പനിയിലെ ഓരോ ജീവനക്കാരന്റെയും റെസിഡന്‍സ് പെര്‍മിറ്റ് പുതുക്കാനുള്ള സമയം കൃത്യമായി അറിയിക്കാനുള്ള സൗകര്യവും മെട്രാഷ് റ്റുവില്‍ ഒരുക്കിയിട്ടുണ്ട്. ആര്‍.പി പുതുക്കുന്നതിലെ കാലതാമസം മൂലമുള്ള പിഴ ഒഴിവാക്കാന്‍ ഇതിലൂടെ കഴിയും. ഡെബിറ്റ് സേവനം സ്വീകരിക്കുന്നതിനാല്‍ വിവിധ സേവനങ്ങള്‍ക്കുള്ള ഫീസ് മെട്രാഷ് വഴിതന്നെ അടക്കാനും സംവിധാനമുണ്ട്. ഡെബിറ്റ് സേവനം ഉപയോഗിക്കുന്നതിന് ഖത്തര്‍ നാഷണല്‍ ബാങ്ക് ശാഖകളില്‍ നിന്ന് ലഭിക്കുന്ന അപേക്ഷ പൂരിപ്പിച്ചു ഡെബിറ്റ് സേവനം കൈകാര്യം ചെയ്യാന്‍ അംഗീകാരമുള്ള വ്യക്തി ഒപ്പുവെച്ചാല്‍ മതിയാവും.
ആഭ്യന്തര മന്ത്രാലയത്തിന്റെ വെബ്സൈറ്റ് വഴിയും താമസ രേഖ പുതുക്കാന്‍ സൗകര്യം ഏര്‍പെടുത്തിയിട്ടുണ്ട്. സര്‍ക്കാര്‍ സേവനങ്ങള്‍ ലളിതമായും വേഗതയിലും ലഭ്യമാക്കുന്നതിനാണ് ഓണ്‍ലൈന്‍ സേവനങ്ങള്‍ വ്യാപകമാക്കുന്നതെന്നും പുതിയ സേവനങ്ങള്‍ ഉപയോഗപ്പെടുത്താന്‍ സ്ഥാപനങ്ങള്‍ ശ്രമിക്കണമെന്നും ആഭ്യന്തര മന്ത്രാലയം ആവശ്യപ്പെട്ടു. 211 സര്‍ക്കാര്‍ സേവനങ്ങളാണ് നിലവില്‍ ആഭ്യന്തര മന്ത്രാലയം മെട്രാഷ് റ്റു-വില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്.
