പുകയില ഉത്പന്നങ്ങള്‍ നിയന്ത്രിക്കുന്നതിനുള്ള 2002 ലെ നിയമത്തില്‍ ഭേദഗതികള്‍ വരുത്തിയാണ് കൂടുതല്‍ കടുത്ത ശിക്ഷകള്‍ വ്യവസ്ഥ ചെയ്യുന്ന പുതിയ നിയമം പ്രാബല്യത്തില്‍ കൊണ്ടുവരുന്നത്. യുവജനങ്ങള്‍ക്കിടയില്‍ പുകവലി നിരുത്സാഹപ്പെടുത്തുന്നതിനുള്ള നിരവധി വകുപ്പുകള്‍ അടങ്ങിയതാണ് പുതിയ നിയമം. പതിനെട്ട് വയസില്‍ താഴെയുള്ള കുട്ടികള്‍ക്ക് സിഗരറ്റ് വില്‍ക്കുന്ന വില്‍പ്പനക്കാരന്‍ ഒരു ലക്ഷം റിയാല്‍ പിഴ അടക്കേണ്ടി വരും. ഇതിനു പുറമെ ജയില്‍ ശിക്ഷയും അനുഭവിക്കേണ്ടി വരും. സ്‌കൂളിന്റെ 500 മീറ്റര്‍ പരിധിയില്‍ പുകയില ഉത്പന്നങ്ങള്‍ പാടില്ലെന്ന പഴയ നിയമം പരിഷ്‌കരിച്ച് ദൂര പരിധി ഒരു കിലോമീറ്ററായി ഉയര്‍ത്തിയിട്ടുണ്ട്. മാളുകള്‍, കോഫീ ഷോപ്പുകള്‍ തുടങ്ങിയ സ്ഥലങ്ങളില്‍ പുക വലിക്കുന്നവര്‍ക്കുള്ള പിഴ സംഖ്യ 500 റിയാലില്‍ നിന്ന് 3000 റിയാലായും വര്‍ധിപ്പിച്ചു.
ചെറിയ കുട്ടികളുള്ള വാഹനങ്ങളില്‍ പുക വലിക്കുന്നവര്‍ക്ക് 3000 റിയാല്‍ പിഴ ശിക്ഷ ലഭിക്കും. പതിനെട്ട് വയസില്‍ താഴെയുള്ളവര്‍ വാഹനത്തിലുണ്ടെങ്കില്‍ പുകവലി പാടില്ലെന്നാണ് നിയമം. പുകയില നിയന്ത്രണം കര്‍ശനമാക്കുന്നതിന് അമീര്‍ കഴിഞ്ഞ ദിവസം ഒപ്പുവെച്ച പുതിയ നിയമത്തിലാണ് ഇക്കാര്യം പറയുന്നത്. എന്നാല്‍ നിയമം എന്നു മുതല്‍ പ്രാബല്യത്തില്‍ വരുമെന്ന കാര്യം അധികൃതര്‍ വ്യക്തമാക്കിയിട്ടില്ല.
