രണ്ട് ദിവസത്തെ സന്ദര്‍ശനത്തിന് ഹൈദരാബാദിലെത്തിയതായിരുന്നു രാഹുല്‍ ഗാന്ധി. രാഷ്ട്രീയ ചര്‍ച്ചകള്‍ക്കിടെയായിരുന്നു മാധ്യമപ്രവര്‍ത്തകരുടെ ചോദ്യം

ഹൈദരാബാദ്: അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പിനെ കുറിച്ചുള്ള ചര്‍ച്ചകള്‍ക്കിടെ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയോട് വിവാഹത്തെ കുറിച്ച് ചോദിച്ച് മാധ്യമപ്രവര്‍ത്തകര്‍. ഹൈദരാബാദില്‍ രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനെത്തിയതായിരുന്നു രാഹുല്‍ ഗാന്ധി. രാഷ്ട്രീയകാര്യങ്ങള്‍ വിശദമാക്കുന്നതിനിടെയുണ്ടായ കുശലാന്വേഷണങ്ങള്‍ക്കിടെ പെട്ടെന്നായിരുന്നു മാധ്യമപ്രവര്‍ത്തകരുടെ ചോദ്യം. 

എന്നാല്‍ ഒട്ടും ആലോചിക്കാതെ തന്നെ രാഹുല്‍ ഗാന്ധിയുടെ മറുപടിയും വന്നു. താന്‍ നേരത്തേ വിവാഹിതനാണ്. പാര്‍ട്ടിയെ ആണ് താന്‍ വിവാഹം ചെയ്തിരിക്കുന്നത്- രാഹുല്‍ പ്രതികരിച്ചു. തുടര്‍ന്ന് കൂടുതല്‍ വ്യക്തിപരമായ വിഷയങ്ങളിലേക്ക് കടക്കാതെ രാഷ്ട്രീയം മാത്രമായിരുന്നു രാഹുല്‍ ഗാന്ധിയുടെ ചര്‍ച്ച. 

നരേന്ദ്ര മോദി അടുത്ത പ്രധാനമന്ത്രിയാകില്ലെന്നും തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് 230 ലോക്‌സഭാ സീറ്റുകള്‍ പോലും കിട്ടുകയില്ലെന്നും രാഹുല്‍ പറഞ്ഞു. 'കോണ്‍ഗ്രസ് സംസ്ഥാനതലങ്ങളില്‍ സമാനമനസ്‌കരായവര്‍ക്കൊപ്പം കൈ കോര്‍ക്കാന്‍ തയ്യാറാണ്, തെലങ്കാനയിലും പാര്‍ട്ടി വിജയം പ്രതീക്ഷിക്കുന്നുണ്ട്. ആന്ധ്രയില്‍ സ്ഥിതി മെച്ചപ്പെടുത്താനുള്ള ശ്രമം തുടരുകയാണ്. കര്‍ഷകരുടെയും ന്യൂനപക്ഷങ്ങളുടെയും പ്രശ്‌നങ്ങള്‍ രൂക്ഷമാണ്, ഇതിന് പരിഹാരമുണ്ടായേ തീരൂ.'- രാഹുല്‍ കൂട്ടിച്ചേര്‍ത്തു.