Asianet News MalayalamAsianet News Malayalam

സാമ്പത്തിക സംവരണം: ജാതി രാഷ്ട്രീയത്തെ നേരിടാനുള്ള ബിജെപി തന്ത്രം വന്ന വഴി

2019 ലെ തെരഞ്ഞെടുപ്പിന് മുന്നോടിയായി അടിയന്തര സ്വഭാവത്തോടെയാണ് പത്തു ശതമാനം സാമ്പത്തിക സംവരണം ഏർപ്പെടുത്താനുള്ള ഭരണഘടനാ ഭേദഗതിക്ക് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം നല്‍കിയത്.

quota for upper caste poor how the Political masterstroke came
Author
New Delhi, First Published Jan 7, 2019, 8:54 PM IST

ദില്ലി: മുന്നോക്കക്കാരിലെ പിന്നോക്കക്കാർക്ക് സംവരണം ഏര്‍പ്പെടുത്താനുള്ള നീക്കം കേന്ദ്ര സര്‍ക്കാരിന്റെ പുതിയ നീക്കമല്ലെന്ന് റിപ്പോര്‍ട്ട്. 2019 ലെ തെരഞ്ഞെടുപ്പിന് മുന്നോടിയായി അടിയന്തര സ്വഭാവത്തോടെയാണ് പത്തു ശതമാനം സാമ്പത്തിക സംവരണം ഏർപ്പെടുത്താനുള്ള ഭരണഘടനാ ഭേദഗതിക്ക് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം നല്‍കിയത്. എന്നാല്‍ ഈ തീരുമാനം പെട്ടന്നുണ്ടായതല്ലെന്നാണ് ഓണ്‍ലൈന്‍ മാധ്യമമായ മൈ നേഷന്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. 2016ല്‍ ഗുജറാത്തില്‍ നടപ്പിലാക്കാന്‍ ശ്രമിക്കുകയും എന്നാല്‍ ഹൈക്കോടതി ഇടപെടലിനെ തുടര്‍ന്ന് പാളിപ്പോവുകയും ചെയ്ത നീക്കമായിരുന്നു സാമ്പത്തിക സംവരണം. 

സമാനമായ നീക്കത്തിന് രാജസ്ഥാനിലും ശ്രമിച്ചിരുന്നെങ്കിലും ഹൈക്കോടതിയുടെ ഇടപെടലിനെ തുടര്‍ന്ന് പരാജയപ്പെടുകയായിരുന്നു. ഏറെക്കാലമായി പല രീതിയില്‍ നടത്താന്‍ ശ്രമിക്കുകയും കോടതി ഇടപെടലിനെ തുടര്‍ന്ന് പാളിപ്പോവുകയും ചെയ്ത നീക്കത്തിനാണ് നിയമ നിര്‍മാണത്തിലൂടെ ബിജെപി ശ്രമിക്കുന്നത്. അടിയന്തര സ്വഭാവം നല്‍കി സാമ്പത്തിക സംവരണം കൊണ്ടുവരുന്നതോടെ രാജ്യത്തിന്റെ പല ഭാഗങ്ങളില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ ഉയരുന്ന ജാതി രാഷ്ട്രീയവും ജാതി അക്രമം സംബന്ധിച്ച ആരോപണങ്ങളും കെട്ടടങ്ങുമെന്ന പ്രതീക്ഷയിലാണ് ബിജെപിയുള്ളത്. 

നിരവധി എംപി മാരും ബിജെ പി നേതാക്കളും പലവുരു ആവര്‍ത്തിച്ചിട്ടുള്ളതാണ് സാമ്പത്തിക സംവരണ നീക്കം. കേന്ദ്രമന്ത്രിമാരും എംപിമാര്‍ അടക്കമുള്ളവര്‍ സാമ്പത്തിക സംവരണ നീക്കം ശീതകാല സമ്മേളനത്തില്‍ എത്തുമെന്ന് സൂചനകള്‍ നല്‍കിയിരുന്നു. നിലവില്‍ ഷെഡ്യൂള്‍ഡ് കാസ്റ്റ്, ആദിവാസികള്‍ മറ്റ് പിന്നോക്ക സമുദായങ്ങള്‍ എന്നിവര്‍ക്ക് ലഭിക്കുന്ന സംവരണത്തെ ബാധിക്കാത്ത വിധമാകും സാമ്പത്തിക സംവരണം നടപ്പിലാക്കുകയെന്നാണ് സൂചനകള്‍. 

 ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പ്രവേശനത്തിനും സാമ്പത്തിക സംവരണം മാനദണ്ഡമാകും. എട്ടു ലക്ഷം രൂപ വരെ വാർഷിക വരുമാനം ഉള്ള മുന്നോക്ക വിഭാഗക്കാർക്ക് സംവരണത്തിൻറെ ആനുകൂല്യം കിട്ടും. സംവരണം അമ്പതു ശതമാനത്തിൽ കൂടരുതെന്ന കോടതിവിധികൾ നിലവിലുണ്ട്. അമ്പതിൽ നിന്ന് അറുപതായി സംവരണം കൊണ്ടുവരാനും സാമ്പത്തിക പിന്നാക്ക അവസ്ഥ മാനദണ്ഡമാക്കാനും ഭരണഘടനയിൽ മാറ്റം വരുത്തും. പതിനഞ്ച്, പതിനാറ് അനുച്ഛേദങ്ങളിലാകും മാറ്റം നടപ്പാക്കുക. 

Follow Us:
Download App:
  • android
  • ios