അര്‍ദ്ധരാത്രി ആരംഭിക്കുന്ന മണ്ണെടുപ്പ് പുലര്‍ച്ചെവരെ നീളും. മണ്ണ് മാഫിയുമായി അടുത്ത ബന്ധമുണ്ടെന്ന് ആരോപണമുള്ള ബിജെപി നേതാവാണ് ക്വട്ടേഷന്‍ സംഘങ്ങള്‍ക്ക് പിന്നിലെ ബലമെന്നാണ് കര്‍ഷകര്‍ ചൂണ്ടിക്കാട്ടുന്നത്.

തൃശൂര്‍: വിരട്ടാനും വെട്ടാനും വധിക്കാനുമെന്ന പോലെ നെല്‍ വയലുകള്‍ നികത്താനും ക്വട്ടേഷന്‍ സംഘങ്ങള്‍ രംഗത്ത്. ഇടവും വലവും നോക്കാതെ 'ഒറ്റരാത്രി അനുമതി' നല്‍കാന്‍ ജിയോളജിക്കല്‍ വിഭാഗം ഉദ്യോഗസ്ഥരും തുണയായുണ്ട്. തൃശൂര്‍ ജില്ലയുടെ പലഭാഗങ്ങളിലും ക്വട്ടേഷന്‍ സംഘം വലയെറിഞ്ഞിരിക്കുകയാണ്. 

ആവശ്യക്കാരെ തേടി ഇവരുടെ ഇടനിലക്കാര്‍ കര്‍ഷകര്‍ക്കിടയിലെത്തിയതോടെയാണ് പുത്തന്‍ പ്രവണത ജനങ്ങളുടെ ശ്രദ്ധയില്‍പ്പെട്ടത്. മണ്ണെടുക്കേണ്ട സ്ഥലങ്ങളും നികത്തേണ്ട പാടങ്ങളും കണ്ടെത്താന്‍ മണ്ണ് മാഫിയകള്‍ക്ക് ഇടനിലക്കാരുണ്ട്. രണ്ട് സ്ഥലങ്ങളുടെയും ഉടമകളുമായി ധാരണയിലെത്തുകയും ഒരു രാത്രി കൊണ്ട് പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കാമെന്ന ഉറപ്പിലും വന്‍തുക കൈമാറുകയുമാണ് രീതിയത്രെ. മണ്ണെടുപ്പും നികത്തലും അറിഞ്ഞാലും പോലീസ് തിരിഞ്ഞു നോക്കില്ല.

അര്‍ദ്ധരാത്രി ആരംഭിക്കുന്ന മണ്ണെടുപ്പ് പുലര്‍ച്ചെവരെ നീളും. ഒറ്റ രാത്രി കൊണ്ട് വലിയ കുന്നുകള്‍ അപ്രത്യക്ഷമാകുന്നതോടൊപ്പം തണ്ണീര്‍ത്തടങ്ങളും ഇല്ലാതാക്കുകയാണ്. നിലത്തിന്റെ ഉടമപോലും ഉറങ്ങിക്കിടക്കുന്ന സമയത്താകും സംഘം തങ്ങളേറ്റെടുത്ത ജോലി കൃത്യമായി ചെയ്ത് തീര്‍ക്കുക. രാത്രിയില്‍ കൃത്യം നിര്‍വഹിക്കാനുള്ള ഔദ്യോഗിക അനുമതിയും എതിര്‍പ്പിനെതിരെയുള്ള തുടര്‍ നടപടികളും സംഘം തന്നെ ഏറ്റെടുക്കും. ചോദിക്കുന്ന പണം ഇതിനായി നല്‍കണം. ക്വട്ടേഷന്‍ ഏല്‍ക്കുമ്പോഴുണ്ടാക്കുന്ന ധാരണയനുസരിച്ച് പകുതി പണം മുന്‍കൂര്‍ നല്‍കണം.

ഉടമയോ ആളുകളോ നികത്താനുള്ള സ്ഥലത്തിന്റെ ഏഴയലത്തുവേണ്ട എന്നതാണ് ആവശ്യക്കാരുടെ ആശ്വാസം. ഇല്ലാത്ത വഴിയുണ്ടാക്കിയും പുലരും മുമ്പേ സംഘം നിലം നികത്തി പോയിരിക്കും. ആമ്പല്ലൂര്‍ മേഖലയില്‍ അടുത്ത ദിവസങ്ങളിലായി നടന്ന വ്യാപക നിലം നികത്തലിന് പിന്നില്‍ ക്വട്ടേഷന്‍ സംഘമാണെന്ന് സൂചനയുണ്ട്. മേഖലയിലെ തണ്ണീര്‍ത്തടങ്ങള്‍ വ്യാപകമായി മണ്ണിട്ട് നികത്തുന്നതായി പരാതി ലഭിച്ചിട്ടും കൃത്യമായ അന്വേഷണം ഉണ്ടായിട്ടില്ലെന്നും ആക്ഷേപമുണ്ട്. 

പുതുക്കാട് മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള കുന്നുകള്‍ ഇടിച്ചെടുക്കുന്ന മണ്ണാണ് ഇവിടെ പാടശേഖരങ്ങള്‍ നികത്താന്‍ ഉപയോഗിക്കുന്നത്. മണ്ണെടുപ്പുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ ഇറക്കിയ പുതിയ ഉത്തരവില്‍ ഖനനം ചെയ്യുന്ന മണ്ണ് എവിടെ നിക്ഷേപിക്കണമെന്ന നിര്‍ദേശമില്ലെന്ന പഴുത് ഉപയോഗിച്ചാണ് ഉദ്യോഗസ്ഥര്‍ ഇവര്‍ക്ക് ഒത്താശ ചെയ്തുകൊടുക്കുന്നത്. പോലീസിനും ജിയോളജി വകുപ്പിലെ ഉന്നതര്‍ക്കും രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും പണം നല്‍കിയാണ് മണ്ണെടുപ്പ് നടത്തുന്നതെന്ന് ആക്ഷേപമുണ്ട്. 

ഒരു മാസത്തിനിടെ ആമ്പല്ലൂര്‍ മേഖലയില്‍ ഇത്രയേറെ തണ്ണീര്‍ത്തടങ്ങള്‍ അനധികൃതമായി നികത്തിയിട്ടും ഇതിനുപയോഗിച്ച വാഹനം പോലും പോലീസിന് പിടികൂടാന്‍ കഴിഞ്ഞില്ലെന്നത് സര്‍ക്കാര്‍ സംവിധാനങ്ങളും കോട്ടേഷന്‍ സംഘങ്ങളും തമ്മിലുള്ള അവിശുദ്ധ ബന്ധത്തെകുറിച്ചുള്ള സംശയം ബലപ്പെടുത്തുന്നു. മണ്ണ് മാഫിയുമായി അടുത്ത ബന്ധമുണ്ടെന്ന് ആരോപണമുള്ള ബിജെപി നേതാവാണ് ക്വട്ടേഷന്‍ സംഘങ്ങള്‍ക്ക് പിന്നിലെ ബലമെന്നാണ് കര്‍ഷകര്‍ ചൂണ്ടിക്കാട്ടുന്നത്.

തലോര്‍ കായല്‍ തോട്ടില്‍ 40 സന്റും കോന്തിപുലം പാടശേഖരത്തില്‍ 50 സെന്റും നന്തിക്കര, ചെങ്ങാലൂര്‍, വരന്തരപ്പിള്ളി എന്നിവിടങ്ങളില്‍ ഹെക്ടര്‍ കണക്കിന് നെല്‍വയലുമാണ് മണ്ണിട്ട് നികത്തി രൂപമാറ്റം വരുത്തിക്കഴിഞ്ഞു. പുതുക്കാട് കാഞ്ഞൂര്‍ റോഡിലും ചെങ്ങാലൂര്‍ മാട്ടുമലയിലുമാണ് ഇപ്പോള്‍ മണ്ണെടുപ്പ് തകൃതിയായിരുക്കുന്നത്. ഇവിടെനിന്ന് കൊണ്ടു പോകുന്ന മണ്ണാണ് പാടശേഖരങ്ങള്‍ നികത്താന്‍ ഉപയോഗിക്കുന്നത്. നികത്തിയ തണ്ണീര്‍ത്തടങ്ങള്‍ പൂര്‍വസ്ഥിതിയിലാക്കാന്‍ അധികൃതര്‍ കര്‍ശന നടപടിക്ക് മുതിരാത്തതും മണ്ണെടുപ്പ് സംഘങ്ങള്‍ക്ക് വളമാകുകയാണ്.