മതവിശ്വാസത്തെ അപകീർത്തിപ്പെടുത്തുകയും അവഹേളിക്കുകയും ചെയ്തെന്ന പേരിൽ രജിസ്റ്റർ ചെയ്ത കേസിൽ മുൻകൂർ ജാമ്യം തേടി രഹ്ന ഫാത്തിമ ഹൈക്കോടതിയിൽ. തനിക്കെതിരെ അനാവശ്യ കുറ്റം ചുമത്തി പത്തനംതിട്ട പൊലീസെടുത്ത കേസിൽ മുൻകൂർ ജാമ്യം അനുവദിക്കണമെന്നാവശ്യപ്പെട്ടാണ് ഹര്‍ജി. 

കൊച്ചി: മതവിശ്വാസത്തെ അപകീർത്തിപ്പെടുത്തുകയും അവഹേളിക്കുകയും ചെയ്തെന്ന പേരിൽ രജിസ്റ്റർ ചെയ്ത കേസിൽ മുൻകൂർ ജാമ്യം തേടി രഹ്ന ഫാത്തിമ ഹൈക്കോടതിയിൽ. സുപ്രീംകോടതി ഉത്തരവിനെ തുടർന്ന് അധികൃതരുടെ മുൻകൂർ അനുമതി തേടി ശബരിമല സന്ദർശനം നടത്തിയ തനിക്കെതിരെ അനാവശ്യ കുറ്റം ചുമത്തി പത്തനംതിട്ട പൊലീസെടുത്ത കേസിൽ മുൻകൂർ ജാമ്യം അനുവദിക്കണമെന്നാവശ്യപ്പെട്ടാണ് ഹര്‍ജി. യുവതികൾക്കും ദർശനം നടത്താമെന്ന സുപ്രീംകോടതി ഉത്തരവ് വന്നത് മുതൽ വൃതം നോറ്റ് ശബരിമലയിൽ പോകാൻ ആഗ്രഹിച്ചയാളാണ് താനെന്ന് ഹര്‍ജിയിൽ പറയുന്നു.

ആന്ധ്രയിൽ നിന്നുള്ള മാധ്യമപ്രവര്‍ത്തകയ്ക്കൊപ്പമാണ് രഹ്ന ശബരിമല കയറാന്‍ ശ്രമിച്ചത്. പൊലീസ് കനത്ത സുരക്ഷയൊരുക്കിയെങ്കിലും അയ്യപ്പഭക്തരുടെ കടുത്ത പ്രതിഷേധത്തെത്തുടർന്ന് നടപന്തലില്‍ നിന്ന് മടങ്ങുകയായിരുന്നു. സോഷ്യൽ മീഡിയയിലൂടെ മതവികാരം വ്രണപ്പെടുത്തിയെന്ന പരാതിയിലാണ് രഹ്നയ്ക്കെതിരെ പൊലീസ് കേസെടുത്തത്. രഹ്നയുടെ പോസ്റ്റുകള്‍ മതവികാരം വൃണപ്പെടുത്തുന്നതാണെന്ന ബി.ജെ.പി നേതാവ് ആർ. രാധാകൃഷ്ണമേനോന്‍റെ പരാതിയെ തുടര്‍ന്നായിരുന്നു നടപടി.