ന്യൂഡല്‍ഹി: കോൺഗ്രസ് അധ്യക്ഷ പദം ഏറ്റെടുക്കുമെന്ന് ഉപാദ്ധ്യക്ഷൻ രാഹുൽ ഗാന്ധി വ്യക്തമാക്കി. ദില്ലിയിൽ കോൺഗ്രസ് ഭാരവാഹികളുടെ യോഗത്തിനു ശേഷമാണ് രാഹുൽ ഇക്കാര്യം വ്യക്തമാക്കിയത്. അതേസമയം രാഹുൽ എപ്പോൾ അദ്ധ്യക്ഷനാകണമെന്ന കാര്യത്തിൽ പാർട്ടിയിൽ ഭിന്നതയുണ്ട്.

കോൺഗ്രസ് തെരഞ്ഞെടുപ്പ് നടപടികൾ അവസാനഘടത്തിലേക്ക് കടക്കുമ്പോഴാണ് രാഹുൽ നിലപാട് വ്യക്തമാക്കിയത്. ഉറപ്പായും അദ്ധ്യക്ഷനാകും എന്ന് രാഹുൽ പറഞ്ഞു. പാർട്ടി ആസ്ഥാനത്ത് ചേർന്ന കോൺഗ്രസ് ജനറൽ സെക്രട്ടറിമാരുടെയും പാർട്ടി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ ധനമന്ത്രിമാരുടെയും യോഗത്തിനു ശേഷമായിരുന്നു രാഹുലിൻറെ പ്രതികരണം. ക്യാമറക്കു മുന്നിലല്ലാതെ മാധ്യമപ്രവർത്തകരോട് സംസാരിക്കുമ്പോഴാണ് രാഹുൽ ഇക്കാര്യം പറഞ്ഞത്.

നോട്ട് അസാധുവാക്കൽ , ജിഎസ്ടി എന്നീ വിഷയങ്ങളിൽ രാഹുൽ വിളിച്ച യോഗത്തിൽ മുൻപ്രധാനമന്ത്രി മൻമോഹൻസിംഗും, പി ചിദംബരവുമൊക്കെ പങ്കെടുത്തത് വരാൻ പോകുന്ന മാറ്റത്തിൻറെ സൂചനയായി. നവംബർ എട്ടിന് നോട്ട് അസാധുവാക്കലിൻറെ ഒന്നാം വാർഷികത്തിൽ രാവിലെ സംസ്ഥാനകേന്ദ്രങ്ങളിൽ പ്രതിഷേധവും രാത്രി എട്ടുമണിക്ക് ബ്ളോക്ക് തലത്തിൽ മെഴുകുതിരി കത്തിച്ച് പ്രകടനവും നടത്താൻ യോഗം തീരുമാനിച്ചു

സോണിയാഗാന്ധിക്ക് പഴയപോലെ ദൈനംദിന കാര്യങ്ങളിൽ ഇടപെടാൻ ആരോഗ്യസ്ഥിതി തടസ്സമാണ്. അതേസമയം എപ്പോൾ രാഹുൽ അദ്ധ്യക്ഷനാകണമെന്ന കാര്യത്തിൽ രണ്ടഭിപ്രായമുണ്ട്. നവംബർ ആദ്യം വേണമെന്ന് യുവനേതാക്കൾ ആവശ്യപ്പെടുമ്പോൾ ഗുജറാത്തിലെ തെരഞ്ഞെടുപ്പ് കഴിഞ്ഞ് മതിയെന്നാണ് മുതിർന്ന നേതാക്കൾ സോണിയാഗാന്ധിക്ക് നല്കിയ ഉപദേശം. സുഖമില്ലാത്തതിനാൽ വിശ്രമിക്കുന്ന സോണിയാഗാന്ധി രണ്ടു ദിവത്തിനു ശേഷം ഇക്കാര്യത്തിലെ തീരുമാനം അറിയിക്കും.