ദില്ലി: പരസ്പരം പഴിചാരാനുള്ള അവസരങ്ങളൊന്നും പാഴാക്കാത്തവരാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയും കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയും. പ്രധാനമന്ത്രി നടത്തിയ ഗാന്ധി പരാമർശങ്ങൾ കോർത്തിണക്കിക്കൊണ്ടുള്ള വീഡിയോയുമായാണ് രാഹുല്‍ ഇത്തവണ നരേന്ദ്രമോദിക്കെതിരെയുള്ള ആക്രമണം അഴിച്ചു വിട്ടിരിക്കുന്നത്. തന്റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് രാഹുല്‍ വീഡിയോ പുറത്തുവിട്ടിരിക്കുന്നത്. 

കഴിഞ്ഞ ഒക്ടോബറിൽ ബി ജെ പി നേതാക്കളുമായുള്ള വീഡിയോ കോൺഫറൻസിൽ ഇടക്ക് നിന്ന് പോകുന്ന ഗ്രാമഫോണുമായി മോദി രാഹുലിനെ താരതമ്യം ചെയ്തിരുന്നു. അതിന് മറുപടിയായാണ് രാഹുലിന്റെ വീഡിയോ.  “മിസ്റ്റർ 36 ആണ് രസകരമായ ഈ വീഡിയോ നിങ്ങൾക്കായി അവതരിപ്പിക്കുന്നത്. ഈ വിഡിയോ നിങ്ങൾ എല്ലാവരും കണ്ടാസ്വദിക്കണം. കൂടാതെ നിങ്ങളുടെ ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും വീഡിയോ പങ്കുവെക്കണം”എന്ന അടിക്കുറിപ്പോടെയാണ് രാഹുൽ വീഡിയോ ട്വീറ്റ് ചെയ്തിരിക്കുന്നത്.

രാഹുലിനെ ഗ്രാമഫോണുമായി താരതമ്യം ചെയ്യുന്ന മോദിയുടെ പ്രസംഗം ഉൾപ്പെടുത്തി കൊണ്ടാണ് ആദ്യം വീഡിയോ തുടങ്ങുന്നത്. ജവാഹർലാൽ നെഹ്‍റു, ഇന്ദിര ഗാന്ധി, രാജീവ് ഗാന്ധി, സോണിയ ഗാന്ധി, രാഹുൽ ഗാന്ധി തുടങ്ങിയ എല്ലാവരുടെയും പേരുകൾ ഉൾപ്പെടുന്ന മോദിയുടെ പ്രസംഗ ഭാഗങ്ങളാണ് വീഡിയോയിലുള്ളത്.