ദില്ലി: കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഇന്റിഗോ വിമാനത്തില്‍ കയറാന്‍ വരി നില്‍ക്കുന്ന ചിത്രമാണ് ഇപ്പോള്‍ ട്വിറ്ററില്‍ ട്രന്റ്. ദില്ലിയില്‍നിന്ന് അഹമ്മദാബാദിലേക്കുള്ള യാത്രയിലാണ് രാഹുല്‍ വിമാനത്തില്‍ കയറാന്‍ മറ്റുള്ള യാത്രക്കാര്‍ക്കൊപ്പം വരി നില്‍ക്കുന്നത്. ചിത്രം ഇന്റിഗോ തന്നെയാണ് പുറത്തുവിട്ടത്. സോണിയാഗാന്ധിയുടെ പിറന്നാള്‍ ദിനമായ ഇന്ന് ആശംസകളറിയിക്കാന്‍ രാവിലെ ദില്ലിയിലെത്തിയതായിരുന്നു രാഹുല്‍.
അതേസമയം രാഹുല്‍ ഗാന്ധി എസ്പിജി സുരക്ഷയിലുള്ള വ്യക്തിയാണെന്നും അതിനാല്‍ ഇത്തരം തമാശകള്‍ ഇന്റിഗോ ഒഴിവാക്കണമെന്നുമാവശ്യപ്പെട്ട് നിരവധി പേര്‍ രംഗത്തെത്തി. ചിലര്‍ പരിഹസിച്ചും മറ്റ് ചിലര്‍ നടപടിയെ സ്വാഗതം ചെയ്തു ട്വീറ്റ് ചെയ്തു.
ആംആദ്മി പാര്‍ട്ടി നേതാവും ദില്ലി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാളിനെ അനുകരിക്കുകയാണോ രാഹുല്‍ എന്ന് ചിലര്‍ ചോദിച്ചു. ഗുജറാത്ത് തെരഞ്ഞെടുപ്പ് കഴിഞ്ഞിട്ടും രാഹുല്‍ ഇതുപോലെ തുടരുന്നതില്‍ സന്തോഷമുണ്ടെന്ന് മറ്റു ചിലര്‍.
