പരീക്കറിനെ കാണാനെത്തിയത് രാഷ്ട്രീയ ലാഭത്തിനല്ലെന്നും സഹാനുഭൂതി ഒന്ന് കൊണ്ട് മാത്രമാണെന്നുമാണ് രാഹുൽ ഗാന്ധി ട്വിറ്ററിൽ പോസ്റ്റ് ചെയ്ത കത്തിൽ പറയുന്നു.
ദില്ലി: മനോഹർ പരീക്കറിന്‍റെ ആരോപണങ്ങൾക്ക് മറുപടിയുമായി കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. പരീക്കറുമായുള്ള കൂടിക്കാഴ്ചയുടെ വിവരങ്ങൾ പുറത്ത് വിട്ടിട്ടില്ലെന്നും പരീക്കറിനെ കാണാനെത്തിയത് രാഷ്ട്രീയ ലാഭത്തിനല്ലെന്നും സഹാനുഭൂതി ഒന്ന് കൊണ്ട് മാത്രമാണെന്നുമാണ് രാഹുൽ ഗാന്ധി ട്വിറ്ററിൽ പോസ്റ്റ് ചെയ്ത കത്തിൽ പറയുന്നു. എനിക്ക് താങ്കളെഴുതി എന്ന് പറയപ്പെടുന്ന കത്ത് മാധ്യമങ്ങളിലൂടെ വായിച്ചുവെന്നും ഇത് തന്നെ അസ്വസ്ഥനാക്കിയെന്നും പറഞ്ഞാണ് കത്ത് തുടങ്ങുന്നത്.
ഗോവയിൽ നടന്ന സംഭാഷണത്തിന്‍റെ വിവരങ്ങളൊന്നും ഞാൻ പുറത്ത് വിട്ടിട്ടില്ല. ഞാൻ സന്ദർശനം നടത്തിയ ശേഷം താങ്ങൾക്ക് മേൽ അതിയായ സമ്മർദ്ദമുണ്ടെന്ന് മനസ്സിലാക്കുന്നുവെന്നും പ്രധാനമന്ത്രിയോടുള്ള കൂറ് പ്രകടിപ്പിക്കാൻ നിർബന്ധിതനായിരിക്കുകയാണ് താങ്കളെന്ന് മനസിലാക്കുന്നുവെന്നും രാഹുൽ കത്തിൽ പറയുന്നു.
പൊതുജനങ്ങൾക്ക് നേരത്തെ അറിയാവുന്ന കാര്യങ്ങൾ മാത്രമാണ് പറഞ്ഞതെന്നും റാഫേലുമായി ബന്ധപ്പെട്ട രേഖകൾ തന്‍റെ കിടപ്പുമുറിയിലുണ്ടെന്ന് ക്യാബിനറ്റ് യോഗത്തിൽ പറഞ്ഞതായുള്ള താങ്കളുടെ മന്ത്രിയുടെ ടെലിഫോൺ സംഭാഷണം നേരത്തെ പുറത്ത് വന്നതാണെന്നും രാഹുൽ പരീക്കറിനുള്ള കത്തിൽ പറയുന്നു. പരീക്കറിന് ആരോഗ്യം തിരിച്ച് കിട്ടുമാറാകട്ടെ എന്ന് ആശംസിച്ചു കൊണ്ടാണ് രാഹുൽ ഗാന്ധിയുടെ കത്ത് അവസാനിക്കുന്നത്.
