പാര്‍ട്ടി വിരുദ്ധ പ്രവൃത്തികളെ  വെച്ചുപൊറുപ്പിക്കില്ലെന്നും ശക്തമായ രീതിയില്‍ കൈകാര്യം ചെയ്യുമെന്നും രാഹുല്‍ മുന്നറിയിപ്പ് നല്‍കിയതായി ഇന്ത്യ ടുഡെ റിപ്പോര്‍ട്ട് ചെയ്യുന്നു. 

ബംഗളൂരു: മൂന്ന് സംസ്ഥാനങ്ങളിലെ മന്ത്രിസഭാ വിപുലീകരണത്തിന് മുന്നോടിയായി അണികൾക്കും നേതാക്കള്‍ക്കും ശക്തമായ മുന്നറിയിപ്പ് നൽകി കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. പാര്‍ട്ടി വിരുദ്ധ പ്രവൃത്തികളെ വെച്ചുപൊറുപ്പിക്കില്ലെന്നും ശക്തമായ രീതിയില്‍ കൈകാര്യം ചെയ്യുമെന്നും രാഹുല്‍ മുന്നറിയിപ്പ് നല്‍കിയതായി ഇന്ത്യ ടുഡെ റിപ്പോര്‍ട്ട് ചെയ്യുന്നു. 

അഞ്ച് സംസ്ഥാനങ്ങളിലായി നടന്ന തെരഞ്ഞെടുപ്പിൽ രാജസ്ഥാൻ, മധ്യപ്രദേശ്, ഛത്തീസ്​ഗഡ് എന്നിവിടങ്ങളിൽ വമ്പിച്ച ഭൂരിപക്ഷത്തോടെയാണ് കേൺ​ഗ്രസ് വിജയിച്ചത്. ഞായറാഴ്ച്ച രാജ്സഥാനില്‍ നടന്ന യോഗത്തിന് ശേഷം മന്ത്രിമാരുടെ പട്ടികയ്ക്ക് രാഹുല്‍ അംഗീകാരം നല്‍കി.തിങ്കളാഴ്ച ജയ്പൂരില്‍ വെച്ച് 23 എംഎല്‍എമാര്‍ സത്യപ്രതിജ്ഞ ചെയ്ത് മന്ത്രി സഭാംഗങ്ങളാകും. ഇതില്‍ 17 പേര്‍ ആദ്യമായാണ് മന്ത്രിമാരാവുന്നത്. അഞ്ച് മന്ത്രിസ്ഥാനങ്ങള്‍ ഒഴിച്ചിടുമെന്നും റിപ്പോര്‍ട്ടുണ്ട്. നാളെ തന്നെ ചത്തീസ്ഗഡിലെയും മധ്യപ്രദേശിലെയും മന്ത്രിസഭാ പട്ടികയ്ക്ക് രാഹുല്‍ ഗാന്ധി അംഗീകാരം നല്‍കിയേക്കും. കര്‍ണ്ണാടകയിലെ മന്ത്രിസഭാ വിപുലീകരണം പൂർത്തിയായതാണ്.

കർണ്ണാടക മുന്‍സിപ്പല്‍ അഡ്മിനിസ്‌ട്രേഷന്‍ മന്ത്രിയായ രമേശ് ജര്‍കിഹോളി അടക്കമുളള മന്ത്രിമാര്‍ക്ക് കഴിഞ്ഞ ദിവസത്തെ മന്ത്രിസഭാ വിപുലീകരണത്തില്‍ സ്ഥാനം നഷ്ടപ്പെട്ടിരുന്നു. ബിജെപി നേതാക്കളുമായി അടുത്ത ബന്ധം പുലര്‍ത്തുന്നുണ്ടെന്ന ആരോപണത്തെ തുടര്‍ന്നായിരുന്നു രമേശ് ജര്‍കിഹോളിക്കെതിരെ നടപടി എടുത്തത്. സഹോദരന്‍ സതീഷ് ജാര്‍ക്കിഹോളിയടക്കമുള്ള എട്ടുപേരെ പുതുതായി ഉള്‍പ്പെടുത്തിയാണ് കോണ്‍ഗ്രസ് മന്ത്രിസഭ വിപുലീകരിച്ചത്.