''ബിജെപി ട്രോളന്‍മാരെ വിഷമിക്കരുത്, ഞാന്‍ ഉടന്‍ മടങ്ങി വരും'' വിദേശയാത്രയ്ക്ക് മുമ്പ് രാഹുലിന്‍റെ ട്വീറ്റ്
ദില്ലി: സോണിയാ ഗാന്ധി തന്റെ ആരോഗ്യ സംബന്ധമായ പരിശോധനകള്ക്കായി ഞായറാഴ്ച രാത്രി വിദേശത്തേക്ക് പോയി. ഒപ്പം മകനും കോണ്ഗ്രസ് അധ്യക്ഷനുമായ രാഹുല് ഗാന്ധിയും. അമ്മയ്ക്കൊപ്പം യാത്ര തിരിച്ച രാഹുല് ട്വീറ്റ് ചെയ്ത കുറിപ്പ് ഇപ്പോള് സോഷ്യല് മീഡിയയില് ചര്ച്ചയാണ്.
സോണിയാ ഗാന്ധിയുടെ വൈദ്യ പരിശോധനകള്ക്കായി ഇന്ത്യയ്ക്ക് പുറത്തേക്ക് പോകുകയാണ്. എന്ന് ട്വിറ്ററില് കുറിച്ച രാഹുല് ഗാന്ധി ഒപ്പം ബിജെപി പ്രവര്ത്തകര്ക്കായി പ്രത്യേകം ഒരു വരികൂടി കുറിച്ചു. '' ബിജെപിയിലെ സോഷ്യല് മീഡിയ ട്രോള് ആര്മി സുഹൃത്തുക്കള്ക്ക്, ഒരുപാട് കഷ്ടപ്പെടേണ്ട, ഞാന് ഉടന് മടങ്ങി വരും. ''
എന്നാല് ട്വീറ്റ് ചെയ്ത് മണിക്കൂറിനിളളില് ബിജെപിയുടെ ഔദ്യോഗിക ട്വിറ്റര് പേജില്നിന്ന് മറുപടിയെത്തി. സോണിയാഗാന്ധിയ്ക്ക് ആശംസകള് നേര്ന്ന ബിജെപി, വിദേശ യാത്രയ്ക്ക് മുമ്പ് കര്ണാടകയില് ഒരു സര്ക്കാര് ഉണ്ടെന്ന് ഉറപ്പ് വരുത്താന് കഴിയുമോ ? എന്ന് ചോദിച്ചുകൊണ്ടാണ് ട്വീറ്റ് ചെയ്തത്. '' കര്ണാടകയിലെ സ്ത്രീകളും മന്ത്രിസഭാ രൂപീകരണത്തിന് വേണ്ടി കാത്തിരിക്കുകയാണ്... സോഷ്യല് മീഡിയയിലെ എല്ലാവരും പ്രതീക്ഷിക്കുന്നത് അവിടെ നിന്നും താങ്കള് ഞങ്ങളെ രസിപ്പിക്കുമെന്നാണ് '' - ഔദ്യോഗിക ട്വിറ്റര് അക്കൗണ്ടില് ബിജെപി കുറിച്ചു.
വിദേശയാത്രയ്ക്ക് മുമ്പ് രാഹുല് നേതാക്കളെ കണ്ട് കര്ണാടക മന്ത്രിസഭാ രൂപീകരണത്തെ കുറിച്ച് ചര്ച്ച നടത്തിയിരുന്നു. എന്നാല് മന്ത്രിസഭാ രൂപീകരണത്തില് തീരുമാനമായിട്ടില്ല. അതേസമയം രാഹുലിന്റെ അസാന്നിദ്ധ്യം മന്ത്രിസഭാ രൂപീകരണത്തെ ബാധിക്കില്ലെന്ന് മുതിര്ന്ന കോണ്ഗ്രസ് നേതാവ് കെ സി വേണുഗോപാല് പറഞ്ഞു.
