ന്യൂ‍ഡല്‍ഹി: ആദായനികുതി വകുപ്പും പൊലീസും ദില്ലിയിലും ചണ്ഡിഗഡിലും സംയുക്തമായി നടത്തിയ റെയ്‍ഡുകളിൽ കോടിക്കണക്കിന് രൂപയുടെ പഴയതും പുതിയതുമായ നോട്ടുകൾ പിടിച്ചെടുത്തു. അസാധുവാക്കിയ 500 രൂപ നോട്ടുകൾ അവശ്യസേവനത്തിന് ഉപയോഗിക്കാവുന്ന സമയപരിധി നാളെ അര്‍ദ്ധരാത്രി അവസാനിക്കും. നവംബര്‍മാസത്തിൽ പണപ്പെരുപ്പ് 3.15 ശതമാനമായി കുറഞ്ഞു.

ദില്ലി കരോൾബാഗിലെ ഒരു ഹോട്ടലിൽ നിന്ന് ആറ് കോടി 25 ലക്ഷം രൂപയുടെ പഴയ 1000, 500 രൂപ നോട്ടുകളാണ് ആദായനികുതി വകുപ്പും പൊലീസും സംയുക്തമായി നടത്തിയ റെയിഡിൽ പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ട് അഞ്ച് പേരെ പൊലീസ് പിടികൂടി. ദില്ലിയിലെ ഹവാല ഇടപാട് സംഘത്തിലെ കണ്ണികളാണ് അറസ്റ്റിലായവരെന്ന് പൊലീസ് അറിയിച്ചു.

ചണ്ഡിഗഡിൽ നടന്ന റെയ്ഡിൽ 2 കോടി 18 ലക്ഷം രൂപയും പിടിച്ചെടുത്തിട്ടുണ്ട്. ഇതിൽ 17 ലക്ഷത്തി 74000 രൂപയുടെ പുതിയ നോട്ടുകളും കണ്ടെത്തി. ബാങ്കുകളിൽ നിന്ന് വ്യാപകമായി പുതിയ നോട്ടുകൾ ഇടനിലക്കാരിലേക്ക് ചോര്‍ന്നതായാണ് പൊലീസിനും ആദായ നികുതി വകുപ്പിനും വിവരം ലഭിച്ചിട്ടുണ്ട്. കമ്മീഷനടിസ്ഥാനത്തിൽ നോട്ടുകൾ മാറ്റിനൽകുന്ന സംഘങ്ങളും പലയിടത്തും സജീവമാണ്. ഡിസംബര്‍ 31ന് ശേഷം ബാങ്ക് അക്കൗണ്ടുകൾ കേന്ദ്രീകരിച്ചുള്ള പരിശോധനകൾ നടക്കും.