ഏഷ്യാനെറ്റ് ന്യൂസ് വാര്‍ത്തയെത്തുടര്‍ന്ന് സംസ്ഥാനത്ത് മണ്ണെണ്ണ കരിഞ്ചന്തയില്‍ വില്‍ക്കുന്ന കേന്ദ്രങ്ങളില്‍ നടത്തിയ പരിശോധനയില്‍ 26 സ്ഥലങ്ങളില്‍ ക്രമക്കേട് കണ്ടെത്തി. ഫിഷറീസ് വകുപ്പിന്റെ നിര്‍ദേശത്തെത്തുടര്‍ന്ന് ജില്ലാ സപ്ലൈ ഓഫീസര്‍മാര്‍മാരാണ് പരിശോധന നടത്തിയത്. അതേസമയം മണ്ണെണ്ണ വിതരണം സിവില്‍ സപ്ലൈസ് ഏറ്റെടുക്കാതെ കരിഞ്ചന്ത വില്‍പ്പന തടയാനാകില്ലെന്ന് ഫിഷറീസ് മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ തുറന്നടിച്ചു.

തീരപ്രദേശങ്ങളില്‍ കരിഞ്ചന്ത ശക്തമായ മേഖലയിലാണ് അധികൃതര്‍ പരിശോധന നടത്തുന്നത്. കൊല്ലത്ത് കരുനാഗപ്പള്ളി, അഴീക്കല്‍, നീണ്ടകര എന്നിവിടങ്ങളില്‍ സപ്ലൈ ഓഫീസര്‍മാരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. മറ്റ് ജില്ലകളിലും പരിശോധന തുടങ്ങി. പലയിടത്തും പെര്‍മിറ്റിനേക്കാള്‍ കൂടുതല്‍ മണ്ണെണ്ണ കണ്ടെത്തി. മൊത്ത വിതരണ കേന്ദ്രങ്ങളില്‍ മണ്ണെണ്ണയുടെ കണക്കെടുപ്പ് എടുക്കാനും നിര്‍ദേശമുണ്ട്. മത്സ്യമേഖലയില്‍ പരിശോധന നടത്തുമ്പോള്‍ സപ്ലൈ ഓഫീസര്‍മാര്‍ക്ക് പൊലീസിന്റെ സഹായം തേടാമെന്ന് അധികൃതര്‍ അറിയിച്ചു.

അതേസമയം തീരപ്രദേശങ്ങളില്‍ മണ്ണെണ്ണ മാഫിയ സജീവമെന്ന് സമ്മതിച്ച ഫിഷറീസ് മന്ത്രി മേഴ്‌സിക്കുട്ടിയമ്മ ഇതിന് സിവില്‍ സപ്ലൈസ് വകുപ്പിനെയാണ് കുറ്റപ്പെടുത്തിയത്. മണ്ണെണ്ണ വിതരണം സിവില്‍ സപ്ലൈസ് ഏറ്റെടുത്താല്‍ ഈ പ്രശ്നത്തിന് പരിഹാരം കാണാമെന്നും അവര്‍ പറഞ്ഞു.