പല സാഹചര്യങ്ങളില്‍ റെയില്‍വേ സ്റ്റേഷനിലും പരിസരത്തുമെത്തുന്ന കുട്ടികളെയാണ് റെയില്‍വേ സ്റ്റേഷനിലെ ചൈല്‍ഡ് ഡസ്ക് രക്ഷിച്ച് പുനഃരധിവസിപ്പിക്കുന്നത്. 

തിരുവനന്തപുരം: തിരുവനന്തപുരം റെയില്‍വേ ചൈല്‍ഡ് ഹെല്‍പ് ഡസ്ക് പ്രവര്‍ത്തനമാരംഭിച്ച് ഒരു വര്‍ഷം. ഇതുവരെ 366 കുട്ടികളെയാണ് ഹെൽപ് ഡസ്ക് രക്ഷിച്ച് ജീവിതോപാധിയുണ്ടാക്കിയത്. പല സാഹചര്യങ്ങളില്‍ റെയില്‍വേ സ്റ്റേഷനിലും പരിസരത്തും എത്തുന്ന കുട്ടികളെയാണ് റെയില്‍വേ സ്റ്റേഷനിലെ ചൈല്‍ഡ് ഡസ്ക് രക്ഷിച്ച് പുനരധിവസിപ്പിക്കുന്നത്.

പന്ത്രണ്ട് ജീവനക്കാരുള്ള രണ്ടാമത്തെ പ്ലാറ്റ്ഫോമിലെ ഒരു ചില്ലു മുറിയാണ് ചൈല്‍ഡ് ഹെല്‍പ് ഡസ്കിന്‍റെ ഓഫീസ്. വനിതാവികസന മന്ത്രാലയവും റെയില്‍വേയും ഒന്നിച്ചാണ് പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്.

തൃശൂര്‍, എറണാകുളം, കോഴിക്കോട് എന്നീ ജില്ലകളിലും ചൈല്‍ഡ് ഹെല്‍പ് ഡെസ്ക് പ്രവര്‍ത്തിക്കുന്നുണ്ട്. 1098 എന്ന ടോള്‍ഫ്രീ നമ്പറിൽ വിളിച്ചാൽ സഹായം ലഭ്യമാക്കുന്ന ഹെല്‍പ് ഡെസ്ക് ഇരുപത്തിനാല് മണിക്കൂറും പ്രവര്‍ത്തന സജ്ജവുമാണ്. 

നാടുവിടാന്‍ കുട്ടികള്‍ തീവണ്ടി തിരഞ്ഞെടുക്കുന്നത് കൊണ്ട് തന്നെ ഭൂരിഭാഗം കുട്ടികളെയും റെയില്‍വേ സ്റ്റേഷനില്‍ നിന്നാണ് കണ്ടെത്തുന്നത്. തിരുവനന്തപുരം റെയില്‍വേ ചൈല്‍ഡ് ലൈനാണ് കുട്ടികളുടെ ഒളിച്ചോട്ടം ഏറ്റവും കൂടുതല്‍ കണ്ടെത്തിയത്. കഴിഞ്ഞ എട്ടുമാസത്തിനുള്ളില്‍ കാണാതായ കേസ് രജിസ്റ്റര്‍ ചെയ്ത മുപ്പത്തിമൂന്ന് കുട്ടികളേയും വിവിധ റെയില്‍വേ സ്റ്റേഷനുകളില്‍ നിന്ന് കണ്ടെത്തിയിട്ടുണ്ട്.