കഞ്ചിക്കോട് കോച്ച് ഫാക്ടറി ഉപേക്ഷിച്ചിട്ടില്ലെന്ന് മന്ത്രി
ദില്ലി: കഞ്ചിക്കോട് കോച്ച് ഫാക്ടറി ഉപേക്ഷിച്ചിട്ടില്ലെന്ന് റെയില്‍വേ മന്ത്രി. വിവിധ വശങ്ങൾ പരിശോധിച്ച ശേഷം തീരുമാനമെടുക്കുമെന്നും പീയുഷ് ഗോയൽ പറഞ്ഞു. റെയില്‍വേ വികസന കാര്യത്തില്‍ കേരളത്തിന്‍റെ സമീപനം ശരിയല്ല. ഭൂമിയേറ്റെടുക്കലടക്കമുള്ള കാര്യങ്ങളില്‍ സംസ്ഥാനം ജാഗ്രത പുലര്‍ത്തുന്നില്ല. ഭൂമിയേറ്റെടുക്കുന്നതില്‍ സര്‍ക്കാര്‍ വിമുഖത കാട്ടുകയാണ്. സംസ്ഥാന സര്‍ക്കാര്‍ മുന്നിട്ടിറങ്ങിയില്‍ മാത്രമെ കേന്ദ്രത്തിന് എന്തെങ്കിലും ചെയ്യാന്‍ സാധിക്കുകയുള്ളൂ എന്നും മന്ത്രി പറഞ്ഞു.
റെയിൽ കോച്ച് ഫാക്ടറി വേണ്ടെന്ന് റെയിൽവേ മന്ത്രി നേരത്തെ പറഞ്ഞിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുത്തിട്ടില്ലെന്നാണ് മന്ത്രി ഇപ്പോള്‍ അറിയിക്കുന്നത്. കോച്ച് ഫാക്ടറി ഉപേക്ഷിച്ചെന്ന് എംബി രാജേഷ് എംപിക്ക് സഭയില്‍ റെയില്‍വേ മന്ത്രി മറുപടി നല്‍കിയതോടെ കടുത്ത ആശങ്കയിലായിരുന്നു സംസ്ഥാന സര്‍ക്കാര്‍. സംസ്ഥാനം വർഷങ്ങളായി നടത്തിയ മുന്നൊരുക്കം വെറുതെയാകുമെന്നായിരുന്നു ആശങ്ക. സ്ഥലമേറ്റെടുക്കലിന് മാത്രം അന്ന് സംസ്ഥാനം ചെലവിട്ടത് 39 കോടി രൂപയാണ്. പശ്ചാത്തല സൗകര്യ വികസനത്തിന് ചെലവഴിച്ച തുകയും വെറുതെയാകുമായിരുന്നു.
2008ൽ കോച്ച് ഫാക്ടറി പ്രഖ്യാപനം വന്നയുടൻ ആദ്യം തുടങ്ങിയത് സ്ഥലമേറ്റെടുക്കലായിരുന്നു. പ്രാദേശിക എതിർപ്പുകൾ പരിഹരിച്ച് അന്ന് കണ്ടെത്തിയത് 439 ഏക്കർ ഭൂമി. വികസന പ്രവർത്തനത്തിന് പുതുശ്ശേരി പഞ്ചായത്ത് കണ്ടുവച്ചിരുന്ന 12 ഏക്കറും, പൊതുമേഖല സ്ഥാപനമായ ഇൻസ്ട്രുമെന്റേഷൻ 12ഏക്കറും വിട്ടുകൊടുത്തു. 89 ഏക്കർ കൃഷിഭൂമി വേറെയും. കോച്ച് ഫാക്ടറിക്കായി 440 കെ വി സബ്സ്റ്റേഷൻ, ജലവിതരണ സംവിധാനം എന്നിവയും സംസ്ഥാനം ഒരുക്കി. 10 വർഷത്തിനിപ്പുറം മന്ത്രിയുടെ പ്രഖ്യാപനം വന്നതിന് പിന്നാലെ സ്ഥലം വിട്ടുനല്‍കിയ കര്‍ഷകരടക്കമുള്ളവര്‍ സമരത്തിന് ഒരുങ്ങുകയായിരുന്നു. അതിനിടെയാണ് പൂര്‍ണമായും പദ്ധതി ഉപേക്ഷിച്ചിട്ടില്ലെന്ന മന്ത്രിയുടെ പ്രതികരണമെത്തുന്നത്.
