കാലവര്‍ഷം കനത്തു, സംസ്ഥാനത്ത് വ്യാപക നാശം

കോഴിക്കോട്: കേരളത്തിൽ കാലവർഷം ശക്തമായി തുടരുന്നു. പാലക്കാട് കല്ലടിക്കോട് പാലക്കയം മേഖലയിൽ രാവിലെ ഉരുൾപൊട്ടി. രണ്ട് വീടുകൾ ഭാഗീകമായി തകർന്നു. മണ്ണിടിച്ചിൽ സാധ്യതയുള്ളതിനാൽ അട്ടപ്പാടി ചുരത്തിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുകയാണ്. മലപ്പുറം പൊന്നാനിയിൽ വള്ളം മറിഞ്ഞ് ഒരാളെ കാണാതായി. കോഴിക്കോട്ടെ മലയോരമേഖലയിൽ മണ്ണിടിച്ചിൽ ഭീഷണി തുടരുകയാണ്. തലശ്ശേരി - മൈസൂർ റൂട്ടിൽ രണ്ട് കെഎസ്ആർടി ബസുകൾക്ക് മുകളിലേക്ക് ചുരത്തില്‍ നിന്ന് മണ്ണിടിഞ്ഞ് വീണു. രണ്ട് കെ എസ്ആർടിസി ബസുകളുടെ മുകളില്‍ മരം വീണും അപകടമുണ്ടായി. യാത്രക്കാർ സുരക്ഷിതരാണെന്ന് സോണൽ മാനേജർ അറിയിച്ചു . പുലർച്ചെയായിരുന്നു സംഭവം.

വയനാട്ടിലും രാവിലെ മുതല്‍ കനത്ത മഴയാണ്. മധ്യകേരളത്തിലും കനത്തമഴ തുടരുകയാണ്. കോതമംഗലം ഭൂതത്താൻകെട്ടിൽ കനത്തമഴയിൽ കലുങ്ക് ഇടിഞ്ഞ് വീണ് ഗതാഗതം തടസപ്പെട്ടു. - രണ്ട് ആദിവാസി കുട്ടികളും വടാട്ടുപാറയിലെ പതിനായിരത്തോളം പ്രദേശവാസികളും ഒറ്റപ്പെട്ടു. പ്രദേശത്തെ ഗതാഗതവും തടസപ്പെട്ടു. വടക്കൻ ജില്ലകളിലാണ് കാലവർഷം കാര്യമായി ബാധിച്ചത്. 

ഉരുൾപൊട്ടൽ മേഖലയായ കോഴിക്കോട് ആനക്കാംപൊയിലിൽ ഇന്നലെ വൈകിട്ടോടെ ശക്തമായ മലവെള്ളപ്പാച്ചിലുണ്ടായി. ഒറ്റപ്പെട്ടുപോയ 40 കുടുംബങ്ങളെ മാറ്റിപാർപ്പിച്ചു. നെല്ലിപ്പൊയിലിൽ ശക്തമായ മണ്ണിടിച്ചിലുണ്ടായി. പാത്തിപ്പാറ കൂരാട്ട്പാറ മേഖല പൂ‍ർണ്ണമായും ഒറ്റപ്പെട്ടു. തിരുവമ്പാടി, കോടഞ്ചേരി, കൂടരഞ്ഞി, കാരശേരി പഞ്ചായത്തുകളിലെ വിദ്യാലയങ്ങൾക്കും അങ്കണവാടികൾക്കും കളക്ടർ അവധി പ്രഖ്യാപിച്ചു. 

കണ്ണൂർ ഇരിട്ടി മലയോര മേഖലയിൽ ഉരുൾപൊട്ടി. ശക്തമായ മലവെള്ളപ്പാച്ചിലിൽ രണ്ട് റോഡുകൾ ഒലിച്ചുപോയി. വീടുകൾക്ക് കേടുപാടുണ്ടായി. അപകടഭീഷണി നിലനിൽക്കുന്ന സാഹചര്യത്തിൽ ആവശ്യമെങ്കിൽ ജനങ്ങളെ മാറ്റിപാർപ്പിക്കാനുള്ള ഒരുക്കത്തിലാണ് റവന്യൂവകുപ്പ്. ഇടുക്കിയിൽ വിവിധയിടങ്ങളിലായി 52 പേരെ മാറ്റിപാർപ്പിച്ചു. 12 വീടുകൾ പൂർണ്ണമായും 196 വീടുകൾ ഭാഗികമായും തകർന്നു. വൻ കൃഷിനാശമുണ്ടായി. 

മുല്ലപ്പെരിയാർ, ഇടുക്കി അണക്കെട്ടുകളിലെ ജലനിരപ്പ് ഉയർന്നു. ഭവാനിപ്പുഴയും ശിരുവാണിപ്പുഴയും കരകവിഞ്ഞതോടെ പുതൂർ മേഖലയിലെ ആദിവാസി ഊരുകൾ ഒറ്റപ്പെട്ടു. അട്ടപ്പാടി ബ്ലോക്കിലെ മൂന്ന് പഞ്ചായത്തുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് കളക്ടർ അവധി പ്രഖ്യാപിച്ചു. കോട്ടയം ജില്ലയിലെ ആർപ്പൂക്കര, അയ്മനം, കുമരകം പ‍ഞ്ചായത്തുകളിലെ പ്രൊഫഷണൽ കോളേജുകൾ ഒഴികെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. കുട്ടനാട് താലൂക്കിലെ സ്കൂളുകൾക്കും ഇന്ന് അവധിയായിരിക്കും.