ദില്ലി: സിനിമയെ വെല്ലുന്ന കഥയാണ് ഇന്ത്യയിലെ ആദ്യ സ്വകാര്യ വനിത കുറ്റാന്വേഷകയായ രജനി പണ്ഡിറ്റിന്‍റെത്. എന്നാല്‍ ഇവര്‍ അറസ്റ്റ് ചെയ്യപ്പെട്ടു എന്നതാണ് കഴിഞ്ഞ ദിവസം ദേശീയ മാധ്യമങ്ങളില്‍ വാര്‍ത്തയായത്. ചിലരുടെ ടെലിഫോണ്‍ വിവരങ്ങള്‍ ചോര്‍ത്താന്‍ ശ്രമിച്ചതാണ് ഇവരുടെ അറസ്റ്റ് മുംബൈ പോലീസ് രേഖപ്പെടുത്താന്‍ ഇടയാക്കിയത്. വ്യാഴാഴ്ച ഇവര്‍ നിയോഗിച്ച നാലംഗ ഡിറ്റക്ടീവ് സംഘത്തെ പൊലീസ് പിടികൂടുകയും അവര്‍ നല്‍കിയ മൊഴി അനുസരിച്ച് രജനി പണ്ഡിറ്റ് അറസ്റ്റിലാകുകയുമായിരുന്നു.

അഞ്ച് പേരുടെ വിവരങ്ങള്‍ തങ്ങള്‍ ശേഖരിക്കാന്‍ ശ്രമിച്ചത് രജനി പണ്ഡിറ്റിന് വേണ്ടി ആയിരുന്നതായി ഡിറ്റക്ടീവുകള്‍ മൊഴി നല്‍കി. വന്‍തുകയ്ക്ക് കോള്‍ റെക്കോഡ് വിവരങ്ങള്‍ രജനി ഇടപാടുകാര്‍ക്ക് നല്‍കുന്നതായി തെളിഞ്ഞിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് കൂടുതല്‍ പേര്‍ പിടിയിലാകുമെന്നാണ് സൂചന. റാക്കറ്റില്‍ രജനി പണ്ഡിറ്റിന്റെ പങ്ക് വ്യക്തമായി തെളിഞ്ഞുവെന്നാണ് പൊലീസ് പറയുന്നത്. 

രജനിക്ക് കീഴില്‍ 30 ഡിറ്റക്ടീവുകള്‍ മാസം 20 കേസുകള്‍ വരെ കൈകാര്യം ചെയ്തിരുന്നു. കുടുംബ പ്രശ്‌നങ്ങള്‍, കന്പനി തര്‍ക്കങ്ങള്‍, മിസിംഗ് കേസുകള്‍ മുതല്‍ കൊലപാതകം തുടങ്ങി അനേകം കേസുകള്‍ ഇവര്‍ അന്വേഷിച്ചിട്ടുണ്ട്. ഇന്ത്യയ്ക്കകത്തും പുറത്തുമായി 7,500 കേസുകളോളം കൈകാര്യം ചെയ്തിട്ടുള്ളതായിട്ടാണ് അവര്‍ തന്നെ അവകാശപ്പെടുന്നത്.

അന്വേഷണത്തിന്റെ ഭാഗമായി വേലക്കാരി, അന്ധസ്ത്രീ, ഗര്‍ഭിണി, ഊമ തുടങ്ങി അനേകം പ്രഛന്ന വേഷം ചെയ്തിട്ടുണ്ട്. ഒരു കേസിന്റെ കുരുക്കഴിക്കാന്‍ ആറുമാസമാണ് വീട്ടുവേലക്കാരിയായി ജോലി ചെയ്തത്. മറ്റൊരു കേസില്‍ രണ്ടു ബിസിനസുകാര്‍ തമ്മിലുള്ള കേസില്‍ ഭ്രാന്തിയെപോലെയും അഭിനയിച്ചിട്ടുണ്ടെന്ന് മുമ്പ് ഇവര്‍ ഒരു അഭിമുഖത്തില്‍ വ്യക്തമാക്കിയിരുന്നു. ഭയം എന്ന വാക്ക് തന്റെ നിഘണ്ടുവില്‍ ഇല്ലെന്നുമായിരുന്നു രജനി പണ്ഡിറ്റ് പറഞ്ഞിരുന്നത്. രജനി പണ്ഡിറ്റ ഫെയ്‌സസ്,മായാജാല്‍ എന്നീ പുസത്കങ്ങള്‍ രചിച്ചിട്ടുണ്ട്.

വനിതാ ഡിറ്റക്ടീവ് എന്ന നിലയില്‍ നിരവധി മാധ്യമ സ്ഥാപനങ്ങള്‍ രജനിയെ കുറിച്ച് വാര്‍ത്തകള്‍ പ്രസിദ്ധീകരിച്ചിട്ടുമുണ്ട്. മഹാരാഷ്ര്ട ദൂരദര്‍ശന്റെ ഹികാനി പുരസ്‌കാരം അടക്കം നിരവധി പുരസ്‌കാരങ്ങളും രജനി നേടി. രജനി പണ്ഡിറ്റിനെ കുറിച്ച് ലേഡി ജെയിംസ് ബോണ്ട് എന്ന പേരില്‍ ഡോക്യുമെന്ററിയും പുറത്തിറങ്ങിയിട്ടുണ്ട്. മഹാത്മാഗന്ധിവധക്കേസ് അന്വഷിച്ച പൊലീസ് ഇന്‍സ്പക്ടര്‍ ശാന്താറാം പണ്ഡിറ്റിന്റെ മകളാണ് 54 കാരിയായ രജനി പണ്ഡിറ്റ്. തമിഴ്‌സിനിമയില്‍ ഇവരുടെ ജീവിതത്തെയും കുറ്റാന്വേഷണത്തെയും ആസ്പദമാക്കി 'കുട്രപായിര്‍ച്ചി' എന്ന പേരില്‍ ഒരു സിനിമ തന്നെ അണിയറയില്‍ ഒരുങ്ങുന്നത്. തൃഷയാണ് സിനിമയിലെ നായിക.