രാഷ്ട്രീയവിപ്ലവം ലക്ഷ്യമിട്ടാണ് താൻ പാർട്ടി പ്രഖ്യാപിയ്ക്കാനൊരുങ്ങുന്നതെന്ന് സൂപ്പർസ്റ്റാർ രജനികാന്ത്. ചെന്നൈയിൽ മാധ്യമപ്രവർത്തകർക്ക് വേണ്ടി നടത്തിയ അനൗദ്യോഗിക കൂടിക്കാഴ്ചയിലാണ് രജനിയുടെ പ്രഖ്യാപനം. അതേസമയം, രണ്ടാഴ്ചയ്ക്കുള്ളിൽ അമേരിക്കയിൽ നിന്നെത്തുന്ന നടൻ കമൽഹാസന്‍റെ അടുത്ത നീക്കമെന്തെന്ന ആകാംക്ഷയിലാണ് രാഷ്‍ട്രീയലോകം.
ഞാൻ മാധ്യമങ്ങളിൽ സ്ഥിരം വരുന്നയാളല്ല. രാഷ്‍ട്രീയത്തിലും പുതുമുഖമാണ്. ഞാനെന്തു പറഞ്ഞാലും വിവാദമാണ്. അതുകൊണ്ടാണ് വരാത്തത്. പക്ഷേ, എന്നും വിപ്ലവം തുടങ്ങിയിട്ടുള്ളത് തമിഴ്നാട്ടിൽ നിന്നാണ്. ഇത്തവണയും രാഷ്‍ട്രീയവിപ്ലവം തുടങ്ങേണ്ടത് ഇവിടെ നിന്നാണെന്ന ബോധ്യം എനിക്കുണ്ട്- രജനികാന്ത് പറഞ്ഞു.
മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടിയില്ല. വാർത്താസമ്മേളനമല്ല. നന്ദി അറിയിക്കുന്നതിനായി രജനികാന്ത് കാണാനാഗ്രഹിക്കുന്നു എന്ന സന്ദേശമാണ് പിആർഒയിൽ നിന്ന് മാധ്യമപ്രവർത്തർക്ക് കിട്ടിയത്. രജനികാന്തിനൊപ്പം നിന്ന് ഫോട്ടോയെടുക്കാൻ അവസരമുണ്ടാകുമെന്നും സന്ദേശത്തിലുണ്ടായിരുന്നു. മാധ്യമപ്രവർത്തകരെ അഭിസംബോധന ചെയ്ത രജനികാന്ത് പിന്തുണ അഭ്യർഥിച്ചു. പാർട്ടിയെക്കുറിച്ച് കൃത്യമായ രൂപരേഖയും, എങ്ങനെ മുന്നോട്ടുപോകണമെന്ന പദ്ധതിയും രൂപീകരിച്ച ശേഷം മാധ്യമപ്രവർത്തകർക്ക് മുന്നിൽ വാർത്താസമ്മേളനത്തിനായി വരാമെന്നും അദ്ദേഹം ഉറപ്പ് നൽകി. രജനിമൺട്രം.ഒആർജി എന്ന പേരിൽ രൂപീകരിച്ച വെബ്സൈറ്റിൽ ഉള്ള സംഘടനയുടെ ലോഗോ സംബന്ധിച്ചും അദ്ദേഹം സംസാരിച്ചു. ആത്മീയതയുടെ ബിംബമാണതെന്നായിരുന്നു രജനി പറഞ്ഞത്. രാമകൃഷ്ണമഠത്തിലെത്തി മഠാധിപതിയുടെ അനുഗ്രഹം വാങ്ങി ആത്മീയരാഷ്‍ട്രീയവുമായാണ് രജനി കളത്തിലിറങ്ങുന്നത്. അതേസമയം, നിരീശ്വരവാദിയായ പെരിയാറിന്‍റെ പാത പിന്തുടരുന്ന കമൽഹാസന്‍റെ അടുത്ത രാഷ്‍ട്രീയനീക്കം എന്താകുമെന്നാണ് കണ്ടറിയേണ്ടത്. രാഷ്‍ട്രീയത്തിലിറങ്ങുമെന്നും ആളുകളെ ഒന്നിച്ചുകൂട്ടാൻ ആപ്പ് പുറത്തിറക്കുമെന്നും ആദ്യം പ്രഖ്യാപിച്ചത് കമൽഹാസനാണ്. രണ്ടാഴ്ചയ്ക്കുള്ളിൽ ചെന്നൈയിൽ തിരിച്ചെത്തുന്ന കമലിന് കൃത്യമായ രാഷ്‍ട്രീയപദ്ധതിയുണ്ടാകുമോ എന്നതും ശ്രദ്ധേയമാണ്.
