തിരുവനന്തപുരം: മുഴുവന്‍ ആളുകളും സ്വവര്‍ഗാനുരാഗികളാകുന്നൊരു സമൂഹത്തില്‍ എങ്ങനെയാണ് അടുത്ത തലമുറ ഉണ്ടാകുക എന്ന് അധ്യാപകനും സാമൂഹിക പ്രവര്‍ത്തകനുമായ ഡോ.രജിത് കുമാര്‍. ഇന്ത്യന്‍ ശിക്ഷാനിയമത്തില്‍ നിന്നും ഐപിസി 377 ഭേദഗതി ചെയ്തതുമായി ബന്ധപ്പെട്ട വിഷയത്തില്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

'100 പേരുള്ളൊരു സ്ഥലത്ത് എല്ലാവരും ഹോമോ സെക്ഷ്വലാകാന്‍ താല്‍പര്യപ്പെടുമ്പോള്‍ അവിടെ എങ്ങനെയാണ് അടുത്ത തലമുറ ഉണ്ടാകുന്നത്? വരും തലമുറയോടോ, രാജ്യത്തോടോ, ഭാവിയോടോ ഒന്നും നമുക്ക് ഒരു പ്രതിബദ്ധതയും വേണ്ടേ?'- രജിത് കുമാര്‍ ചോദിക്കുന്നു. 

സുപ്രീം കോടതി വിധിയെ താന്‍ ഭാഗികമായി അനുകൂലിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ട്രാന്‍സ് ആയ ആളുകളുടെ ലൈംഗികതാല്പര്യങ്ങള്‍ക്കും അവര്‍ക്ക് പങ്കാളിയെ തെരഞ്ഞെടുക്കുന്നതിലേക്കും ഈ വിധി സഹായകമാകുമെന്ന് അദ്ദേഹം പറയുന്നു. അതേസമയം പുരുഷന് പുരുഷനോടും, സ്ത്രീക്ക് സ്ത്രീയോടും തോന്നുന്ന ലൈംഗിക താല്പര്യങ്ങളെ തനിക്ക് അംഗീകരിക്കാനാകുന്നില്ലെന്നും ഡോ. രജിത് കുമാര്‍ പറഞ്ഞു.  

'സ്വവര്‍ഗാനുരാഗികളായ വ്യക്തികള്‍ ഈ ഉത്തരവിനെ ദുരുപയോഗം ചെയ്യാനുള്ള സാധ്യത തള്ളിക്കളയാനാകില്ല. ഇത് ദൂരവ്യാപകമായ പല പ്രശ്‌നങ്ങളും ഉണ്ടാക്കും. ഇത്തരത്തിലുള്ള ലൈംഗികത പുതിയ വൈറസുകളെയും പുതിയ രോഗങ്ങളെയും ഉണ്ടാക്കാനുള്ള സാധ്യതയുമുണ്ട്'-രജിത് കുമാര്‍ കൂട്ടിച്ചേര്‍ത്തു.