തന്‍റെ വോട്ട് ബിജെപിക്കും, അച്ഛന്‍റെ വോട്ട് കോണ്‍ഗ്രസിനും എന്ന് പ്രഖ്യാപിച്ച് കോണ്‍ഗ്രസ് നേതാവ് രാജ് മോഹന്‍ ഉണ്ണിത്താന്‍റെ മകന്‍ അമല്‍

കോട്ടയം: തന്‍റെ വോട്ട് ബിജെപിക്കും, അച്ഛന്‍റെ വോട്ട് കോണ്‍ഗ്രസിനും എന്ന് പ്രഖ്യാപിച്ച് കോണ്‍ഗ്രസ് നേതാവ് രാജ് മോഹന്‍ ഉണ്ണിത്താന്‍റെ മകന്‍ അമല്‍. അമല്‍ ഉണ്ണിത്താന്‍റെ രാഷ്ട്രീയ പ്രഖ്യാപനത്തിന് പിന്നാലെ ഇദ്ദേഹത്തിനെതിരെ കോണ്‍ഗ്രസ് അനുഭാവികള്‍ രൂക്ഷമായ ഭാഷയിലാണ് പ്രതികരിച്ചത്. 'എന്റെ വോട്ട് ബിജെപിക്ക്, അച്ഛന്റെ വോട്ട് കോണ്‍ഗ്രസിന്' എന്ന പോസ്റ്റിനൊപ്പം ബിജെപിയുടെ പാറിക്കളിക്കുന്ന കൊടിയും അടങ്ങുന്ന ചിത്രം പോസ്റ്റ് ചെയ്താണ് പരസ്യമായി ബിജെപി നിലപാട് അമല്‍ പ്രഖ്യാപിച്ചത്.

കര്‍ണാടകത്തില്‍ കോണ്‍ഗ്രസിന്‍റെ രാഷ്ട്രീയ പരാജയത്തിന് പിന്നാലെ അതിനെ പരിഹസിച്ചും അമല്‍ പോസ്റ്റ് ഇട്ടിരുന്നു. ഇതോടെ അമലിന്‍റെ എല്ലാ പോസ്റ്റുകള്‍ക്കും കോണ്‍ഗ്രസ് അനുകൂല പ്രോഫൈലുകളില്‍ നിന്നും രൂക്ഷമായ പ്രതികരണമാണ് ഉണ്ടായത്. എന്നാല്‍ കമന്റ് ബോക്‌സില്‍ അസഭ്യവര്‍ഷം മൂത്തതോടെ പോസ്റ്റുകളെല്ലാം പിന്‍വലിക്കുകയും ചെയ്തു.

എന്നാല്‍ അച്ഛന്‍റെ പാര്‍ട്ടിയെ പരിഹസിച്ച് നവമാധ്യമങ്ങളില്‍ എത്തി മകന്‍റെ പോസ്റ്റുകള്‍ വൈറല്‍ ആകുകയായിരുന്നു. ഇതോടൊപ്പം ഏത് രാഷ്ട്രീയം തിരഞ്ഞെടുക്കണം എന്നത് അമലിന്‍റെ സ്വതന്ത്ര്യമാണെന്ന വാദം ഉയര്‍ത്തി ഇദ്ദേഹത്തിന് അനുകൂലമായ പോസ്റ്റുകളുമായി സംഘപരിവാര്‍ പ്രോഫൈലുകളും രംഗത്ത് എത്തിയിട്ടുണ്ട്.