നോട്ട് അസാധുവാക്കൽ തീരുമാനം നടപ്പാക്കിയതിലെ വീഴ്ചകൾ ചർച്ച ചെയ്യാൻ സർക്കാർ തയ്യാറാണെന്ന് ആഭ്യന്ത്ര മന്ത്രി രാജ്നാഥ് സിംഗ് ലോക്സഭയെ അറിയിച്ചു. ജീവനക്കാർക്ക് ശമ്പളം പോലും നല്കാതെ രാജ്യത്തെ സാമ്പത്തിക അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തി. വോട്ടിംഗോടെയുള്ള ചർച്ച എന്ന നിലപാടിൽ പ്രതിപക്ഷം ഉറച്ചു നില്ക്കുന്നതിനാൽ പാർലമെന്റ് ഇന്നും തടസ്സപ്പെട്ടു.
 
നോട്ട് അസാധുവാക്കൽ തീരുമാനം രാജ്യതാല്‍പര്യം മുൻനിറുത്തിയുള്ളതെന്ന നിലപാട് ആവർത്തിച്ച സർക്കാർ വോട്ടിംഗോടെയുള്ള ചർച്ച എന്ന ആവശ്യം വീണ്ടും തള്ളി. ഇക്കാര്യത്തിൽ പ്രതിപക്ഷത്തു തന്നെ രണ്ടഭിപ്രായമാണെന്ന് സർക്കാർ ചൂണ്ടിക്കാട്ടി. എല്ലാ നിയമങ്ങളും മാറ്റിവച്ച് ചർച്ച തുടങ്ങാമെന്ന് സ്പീക്കർ നിർദ്ദേശിച്ചെങ്കിലും പ്രതിപക്ഷം ഇതു തള്ളി.

സാമ്പത്തിക അടിയന്തരാവസ്ഥ നിലനില്ക്കുന്നു എന്നാരോപിച്ചാണ് രാജ്യസഭയിൽ പ്രതിപക്ഷം ബഹളം വച്ചത്. ഗുജറാത്തിലും മഹാരാഷ്ട്രയിലും കള്ളപ്പണം  വെളിപ്പെടുത്തയതിൽ ദൂരൂഹതയുണ്ടെന്ന റിപ്പോർട്ടുകളും പ്രതിപക്ഷം ഉന്നയിച്ചു. പ്രതിപക്ഷത്തോട് വിട്ടു വീഴ്ച വേണ്ടെ നിലപാടിലാണ് സർക്കാർ. അതിനാൽ പാർലമെന്റ് സ്തംഭനം ഉടൻ തീരാനുള്ള സാധ്യത വിരളമാണ്.