ഡിസംബര്‍ 11ന് പാര്‍ലമെന്‍റിന്‍റെ ശെെത്യകാല സമ്മേളനം തുടങ്ങിയ ദിവസം മുതല്‍ റാഫേല്‍ വിവാദത്തില്‍ കോണ്‍ഗ്രസ് സഭ പ്രക്ഷുബ്ദമാക്കുന്നുണ്ട്. റാഫേല്‍ ആരോപണത്തിലെ അന്വേഷണം ജെപിസിക്ക് വിടണമെന്നാണ് കോണ്‍ഗ്രസ് ഉന്നയിക്കുന്ന പ്രധാന ആവശ്യം
ദില്ലി: ലോക്സഭയില്‍ റാഫേല്‍ വിവാദത്തില്‍ ശബ്ദമുയര്‍ത്തിയ കോണ്‍ഗ്രസിനെ വിമര്‍ശിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗ്. നുണകള്‍ ആവര്‍ത്തിച്ച് പറഞ്ഞാല്‍ അത് ഒരിക്കലും സത്യമായി മാറില്ലെന്ന് കോണ്‍ഗ്രസ് ഓര്‍ക്കണമെന്ന് അദ്ദേഹം പറഞ്ഞു. ഡിസംബര്‍ 11ന് പാര്‍ലമെന്‍റിന്‍റെ ശെെത്യകാല സമ്മേളനം തുടങ്ങിയ ദിവസം മുതല്‍ റാഫേല്‍ വിവാദത്തില്‍ കോണ്‍ഗ്രസ് സഭ പ്രക്ഷുബ്ദമാക്കുന്നുണ്ട്.
റാഫേല്‍ ആരോപണത്തിലെ അന്വേഷണം ജെപിസിക്ക് വിടണമെന്നാണ് കോണ്‍ഗ്രസ് ഉന്നയിക്കുന്ന പ്രധാന ആവശ്യം. റാഫേല്‍ ഇടപാടില്‍ അഴിമതി നടന്നിട്ടുണ്ടെന്നും അതാണ് ജെറ്റിന്‍റെ വില പുറത്ത് വിടാത്തതെന്നും കോണ്‍ഗ്രസ് നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ ആരോപിച്ചു.
എന്നാല്‍, വിഷയം ചര്‍ച്ച ചെയ്യാന്‍ സര്‍ക്കാര്‍ ഒരുക്കമാണെന്നും കോണ്‍ഗ്രസ് അതിന് തയാറാകാതെ ഓടിപ്പോകുകയാണെന്നുമാണ് രാജ്നാഥ് സിംഗ് തിരിച്ചടിച്ചത്. അതേസമയം, മുത്തലാഖ് ക്രിമിനല്‍ കുറ്റമാക്കുന്ന ബിൽ രാജ്യസഭയില്‍ അവതരിപ്പിക്കാനായില്ല. ബിൽ ചര്‍ച്ചയ്ക്കെടുക്കാനുള്ള നീക്കത്തിനിടെ അണ്ണാ ഡിഎംകെ അംഗങ്ങള്‍ സഭയുടെ നടുത്തളത്തിലിറങ്ങി ബഹളം വയ്ക്കുകയായിരുന്നു.
കാവേരി വിഷയം ചൂണ്ടിക്കാട്ടിയായിരുന്നു ബഹളം. ഇതോടെ ബിൽ ചര്‍ച്ചയ്ക്കെടുക്കാനാവില്ലെന്ന് രാജ്യസഭാ ഉപാധ്യക്ഷന്‍ ഹരിവംശ് നാരായണ്‍ സിങ് അറിയിച്ചു. തുടര്‍ന്ന് സഭ ബുധനാഴ്ച വരെ പിരിഞ്ഞു. മുത്തലാഖ് ബിൽ സെലക്ട് കമ്മിറ്റിക്ക് വിടണമെന്ന പ്രതിപക്ഷ ആവശ്യവും സർക്കാർ തള്ളി.
ബിൽ പാസാക്കാതിരിക്കാനാണ് സെലക്ട് കമ്മിറ്റിക്ക് വിടണമെന്ന് പ്രതിപക്ഷം ആവശ്യപ്പെടുന്നതെന്നും സർക്കാർ ആരോപിച്ചു. തുടര്‍ന്ന് സഭ 15 മിനിറ്റ് നിര്‍ത്തിവച്ചു. ഇതിന് ശേഷം വീണ്ടും സഭ ആരംഭിച്ചതോടെയാണ് സഭ മറ്റന്നാളേക്ക് പിരിയുന്നതായി രാജ്യസഭാ അധ്യക്ഷന്‍ അറിയിച്ചത്.
