പാക് ഇടപെടലാണെന്ന് തെളിയിക്കാന്‍ വെല്ലുവിളിച്ച് നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് ഒമര്‍ അബ്ദുള്ള രംഗത്തെത്തിയതോടെയാണ് വിവാദ പ്രസ്താവന ബിജെപി നേതാവ് പിന്‍വലിച്ചത്
കാശ്മീര്‍: ജമ്മു കാശ്മീരില്‍ പിഡിപിയും നാഷണല്‍ കോണ്‍ഫറന്‍സും ചേര്‍ന്ന് സഖ്യ സര്‍ക്കാര്‍ രൂപീകരിക്കാനുള്ള തീരുമാനം വന്നത് പാക് ഇടപെടലിനെ തുടര്‍ന്നാണെന്നുള്ള പരാമര്‍ശം ബിജെപി നേതാവ് രാം മാധവ് പിന്‍വലിച്ചു. പാക് ഇടപെടലാണെന്ന് തെളിയിക്കാന്‍ വെല്ലുവിളിച്ച് നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് ഒമര്‍ അബ്ദുള്ള രംഗത്തെത്തിയതോടെയാണ് വിവാദ പ്രസ്താവന ബിജെപി നേതാവ് പിന്‍വലിച്ചത്.
കഴിഞ്ഞ മാസം നടക്കേണ്ട തദ്ദേശ തെരഞ്ഞെടുപ്പ് അതിര്‍ത്തിക്ക് അപ്പുറത്ത് നിന്നുള്ള നിര്‍ദേശം ലഭിച്ചതോടെ പിഡിപിയും നാഷണല്‍ കോണ്‍ഫറന്‍സും ബഹിഷ്കരിച്ചിരുന്നു. ഇപ്പോള്‍ സഖ്യം രൂപീകരിക്കാനും സര്‍ക്കാരുണ്ടാക്കാനും അവിടെ നിന്ന് നിര്‍ദേശം ലഭിച്ച് കാണുമെന്ന് രാം മാധവ് പറഞ്ഞതായി വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയാണ് റിപ്പോര്‍ട്ട് ചെയ്തത്.
ഈ പ്രതികരണം പുറത്ത് വന്നതിന് തൊട്ട് പിന്നാലെ പാക് ഇടപെലുണ്ടെന്ന് തെളിയിക്കാന്‍ വെല്ലുവിളിച്ച് ഒമര്‍ അബ്ദുള്ള രംഗത്ത് വന്നു. എന്‍ഐഎ, റോ, ഐബി എല്ലാം നിങ്ങളുടെ അജ്ഞാനുവര്‍ത്തികളാണ്. സിബിഐ പോലും നിങ്ങളുടെ തത്തയാണ്. അതു കൊണ്ട് പാക് ഇടപെടലുണ്ടെന്ന് പൊതുജന മധ്യത്തില്‍ തെളിവ് വെയ്ക്കാന്‍ ധെെര്യമുണ്ടോയെന്ന് ഒമര്‍ അബ്ദുള്ള ചോദിച്ചു.
വിഷയം കെെവിട്ട് പോയത് മനസിലാക്കിയ രാം മാധവ് ഒമര്‍ അബ്ദുള്ളയുടെ ദേശഭക്തിയെ ചോദ്യം ചെയ്തില്ലെന്നും രാഷ്ട്രീയ പ്രസ്താവനയാണ് നടത്തിയതെന്നുമുള്ള വിശദീകരണം നല്‍കി. എന്നാല്‍, ഒമര്‍ അബ്ദുള്ള വിട്ടില്ല. എന്‍റെ പാര്‍ട്ടി പാക്കിസ്ഥാന്‍റെ താത്പര്യങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നുവെന്നാണ് നിങ്ങള്‍ പറഞ്ഞത്. അത് തെളിയിക്കാന്‍ ഞാന്‍ താങ്കളെ വെല്ലുവിളിക്കുന്നു.
തദ്ദേശ തെരഞ്ഞെടുപ്പ് തെളിയിക്കുന്ന രേഖകള്‍ പുറത്ത് വിടണം. താങ്കള്‍ക്കും താങ്കളുടെ സര്‍ക്കാരിനുമെതിരായ തുറന്ന വെല്ലുവിളിയാണിതെന്നും ഒമര്‍ അബ്ദുള്ള ട്വീറ്റ് ചെയ്തു. ഇതിന് മറുപടിയായി രാം മാധവ് പ്രതികരിച്ചതിങ്ങനെ. നിങ്ങള്‍ ബാഹ്യ സമര്‍ദങ്ങള്‍ ഇല്ലെന്ന് പറഞ്ഞ സാഹചര്യത്തില്‍ തന്‍റെ പ്രസ്താവന പിന്‍വലിക്കുകയാണെന്ന് രാം മാധവ് പറഞ്ഞു. വരാനിരിക്കുന്ന തെരഞ്ഞെടുപ്പില്‍ നിങ്ങള്‍ ഒരുമിച്ച് മത്സരിക്കണമെന്നും അദ്ദേഹം പറഞ്ഞു.
