അയോധ്യ: രാമ രാജ്യം വരുന്നതോടെ രാജ്യത്തെ പട്ടണിയും വേര്‍തിരിവുകളും അവസാനിക്കുമെന്ന് യോഗി ആദിത്യ നാഥ്. രാമ രാജ്യം സൃഷ്ടിക്കാനുള്ള നീക്കം രാഷ്ട്രീയ പ്രേരിതമല്ലെന്നും യോഗി പറഞ്ഞു. ദീപാവലി ദിനത്തില്‍ സരയു നദീ തീരത്ത് നടത്തിയ പ്രസംഗത്തിനിടെയാണ് യോഗിയുടെ രാമ രാജ്യത്തെ കുറിച്ചുള്ള പരാമര്‍ശം. താന്‍ എന്താണ് ചെയ്യുന്നത് എന്ന് മനസിലാക്കാതെയാണ് തനിക്ക് നേരെ ചോദ്യങ്ങള്‍ ഉന്നയിക്കുന്നത്.

വീടും വൈദ്യുതിയും എല്‍പിജി സിലിണ്ടറും എല്ലാവര്‍ക്കും എന്നതാണ് രാമ രാജ്യം എന്നതിന്‍റെ യഥാര്‍ത്ഥ അര്‍ത്ഥം. തന്‍റെ ഗവണ്‍മെന്‍റ് ഇതിന് മുമ്പ് ഭരിച്ചവരെ പോലെ ജാതിയുടേയോ മതത്തിന്‍റെയോ പേരില്‍ ആരെയും വേര്‍തിരിക്കില്ലെന്നും യോഗി പറഞ്ഞു. ജയ് ശ്രീ റാം, ഭാരത് മാതാ കീ ജയ് എന്നിവയോടെയാണ് തന്‍റെ പ്രസംഗം യോഗി ആരംഭിച്ചത്. അയോധ്യയുടെ ഭംഗി കൂട്ടുന്ന നടപടികള്‍ ആരംഭിക്കും എന്നും കാശി, മധുര, സിതാപുര്‍, മിര്‍സാപുര്‍, തുളസിപുര്‍, ഷരണ്‍പുര്‍ തുടങ്ങിയ ചരിത്ര പ്രദേശങ്ങളിലും സമാന നടപടികള്‍ കൊണ്ടുവരുമെന്നും യോഗി പറഞ്ഞു.

സംസ്ഥാനത്തെ ഒരു പ്രധാന ടൂറിസം കേന്ദ്രമാക്കി മാറ്റുമെന്ന് പറഞ്ഞ യോഗി ഇതിന്‍റെ തുടക്കം അയോധ്യയില്‍ നിന്നാണെന്നും വ്യക്തമാക്കി. ആക്രമണങ്ങളും അവഗണനകളും അയോധ്യ ഒത്തിരി നേരിട്ടിട്ടുണ്ടെന്ന് പറഞ്ഞ യോഗി അയോധ്യയുടെ വികസനത്തിനായ് 133 കോടി രൂപയുടെ പദ്ധതികളാണ് മുന്നോട്ട് വച്ചത്. അയോധ്യയുടെ ഖ്യാതി നിലനിര്‍ത്തും എന്നും യോഗി വ്യക്തമാക്കി. 1.71 ലക്ഷം മണ്‍വിളക്കുകളാണ് ദീപാവലി ദിനത്തില്‍ സരയു തീരത്ത് തെളിയിച്ചത്.