സ്വാശ്രയ പ്രശ്‍നനത്തില്‍ പ്രതിപക്ഷം ഇന്നും സഭ ബഹിഷ്കരിച്ചു. പ്രതിപക്ഷത്തിന് നിഷേധാത്മക നിലപാടില്ലെന്നും വിദ്യാര്‍ഥികളുടെ ആശങ്ക അറിയിക്കുകയാണ് ചെയ്തതെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. പ്രതിപക്ഷ സമരത്തിന് പിന്തുണ നല്‍കി കെ എം മാണി അടിയന്തര പ്രമേയ നോട്ടീസ് പിന്‍വലിച്ചു.
തുടര്‍ച്ചയായ ഏഴാം ദിവസവും പ്രതിപക്ഷം സഭാ നടപടിക്രമങ്ങള്‍ ബഹിഷ്കരിച്ചു. ഫീസ് കുറയ്‌ക്കാന്‍ മാന്ജ്മെന്റുകള്‍ തയാറാണെങ്കില്‍ അതിനോട് സര്‍ക്കാരിന് വിയോജിപ്പില്ലെന്ന് മുഖ്യമന്ത്രി അറിയിച്ചതായി പ്രതിപക്ഷ നേതാവ് സഭയില്‍ പറഞ്ഞു.
എന്നാല്‍ സ്വാശ്രയ പ്രശ്‍നത്തില്‍ നിരാഹാരം തുടരുന്ന എംഎല്‍എമാരുടെ ആരോഗ്യനില മോശമായി എന്നും അത് പരിഹരിക്കാതെ സഭാനടപടികളുമായി സഹകരിക്കാന്‍ ബുദ്ധിമുട്ടുണ്ടെന്നും വ്യക്തമാക്കിയ ശേഷമാണ് ചോദ്യോത്തര വേള തുടങ്ങും മുമ്പ് പ്രതിപക്ഷം സഭ ബഹിഷ്കരിച്ചത്.
യുഡിഎഫ് അംഗങ്ങളുടെ അസാന്നിധ്യത്തില്‍ കേരള കോണ്‍ഗ്രസ് എം ആയിരുന്നു അടിയന്തര പ്രമേയ നോട്ടീസ് നല്‍കിയത്. റബര്‍ കര്‍ഷകര്‍ നേരിടുന്ന പ്രശ്നമായിരുന്നു വിഷയം.എന്നാല്‍ അടിയന്തര പ്രമേയം അവതരിപ്പിക്കാതെ കെ എം മാണി പ്രതിപക്ഷ സമരത്തിന് പിന്തുണ നല്‍കി. കേരള കോണ്‍ഗ്രസ് എം നിലപാട് ഖേദകരമെന്ന് സ്‌പീക്കര്‍ പി ശ്രീരാമകൃഷ്‍ണന്‍ പറഞ്ഞു.
റബര്‍ കര്‍ഷകരോടുളള ദ്രോഹമാണിതെന്ന് പാര്‍ലമെന്ററി കാര്യ മന്ത്രി എകെ ബാലന്‍ പറഞ്ഞു.
ഇതിനിടെ നിരാഹാരം തുടരുന്ന എംഎല്‍എമാരുടെ ആരോഗ്യനില മോശമായി തുടങ്ങിയെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.
