തിരുവനന്തപുരം: ശബരിമലയില്‍ യുവതികള്‍ ദര്‍ശനം നടത്തിയതുമായി ബന്ധപ്പെട്ടുണ്ടാകുന്ന പ്രതിഷേധങ്ങളില്‍ പ്രതികരിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്ത്.  യുവതികള്‍ ദര്‍ശനം നടത്തിയപ്പോള്‍ ഭക്തർക്ക് മുറിവേറ്റെന്ന് പറഞ്ഞ ചെന്നിത്തല ഭക്തർ സർക്കാരിനോട് പകരം ചോദിക്കുമെന്നും കൂട്ടിച്ചേര്‍ത്തു. ഒരു ഭരണാധികാരിയും ചെയ്യരുതാത്ത തെറ്റാണ് മുഖ്യമന്ത്രി പിണറായി ചെയ്തതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

വേഷപ്രച്ഛന്നം നടത്തിയാണ് യുവതികളെ മല കയറ്റിയത്. മാർക്സിസ്റ്റ്‌ പാർട്ടിയുമായി ബന്ധമുള്ള ആളാണ് ഒരു യുവതിയെന്നും ചെന്നിത്തല ആരോപിച്ചു. രണ്ടാമത്തെ യുവതിക്ക് സിപിഐ (എംഎൽ) ബന്ധമുണ്ട്. യുവതികളെ പൊലീസ് ഒളിപ്പിച്ചു വച്ചിരിക്കുകയായിരുന്നെന്നും മുഖ്യമന്ത്രി മാത്രം അറിഞ്ഞുള്ള ഓപ്പറേഷനാണ് നടന്നതെന്നും പ്രതിപക്ഷനേതാവ് അഭിപ്രായപ്പെട്ടു. മലചവിട്ടിയ യുവതികള്‍ ഇപ്പോള്‍ എവിടെയാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം. യുവതികളെ കയറ്റണമെന്ന് മുഖ്യമന്ത്രിക്ക് എന്തിനാണ് നിർബന്ധമെന്നും ചോദിച്ച അദ്ദേഹം അർധ രാത്രിയിൽ നടന്ന നാടകം ആണ് യുവതി പ്രവേശനമെന്നും പറഞ്ഞു.

പാർട്ടി സെക്രട്ടറിയെ പോലെ പ്രവർത്തിക്കുന്ന മുഖ്യമന്ത്രി അഹങ്കാരത്തോടെയാണ് നിലകൊള്ളുന്നത്. വിശ്വാസ സമൂഹത്തെ മുഖ്യമന്ത്രി വെല്ലുവിളിക്കുകയാണ്. വനിതാ മതിലിൽ പങ്കെടുത്ത എല്ലാവരും ഇപ്പോൾ പശ്ചാത്തപിക്കുന്നുണ്ട്. വനിത മതിലിൽ വിള്ളൽ ഉണ്ടായെന്നും മാധ്യമങ്ങളെ തെറ്റിദ്ധരിപ്പിച്ചു 55 ലക്ഷം ആക്കിയെന്നും ചെന്നിത്തല പറഞ്ഞു. ആർ എസ് എസിനും ബി ജെ പിയ്ക്കും അക്രമത്തിനുള്ള പാസ്പോർട്ട് നൽകിയത് സർക്കാരാണ്. ഇവിടെ അക്രമം നടത്തുന്നത് സി പി എമ്മും ബി ജെ പിയുമാണ്. രണ്ടു കൂട്ടരും പരസ്പരം മത്സരിക്കുന്നത് രാഷ്ട്രീയ നേട്ടത്തിന് വേണ്ടിയാണെന്നും ചെന്നിത്തല അഭിപ്രായപ്പെട്ടു.