തിരുവനന്തപുരം: കേരളത്തിലെ ക്രമസമാധാനനില തകർന്നുവെന്നും പൊലീസും ആഭ്യന്തരവകുപ്പും പരാജയമാണെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.  ആഭ്യന്തരവകുപ്പ് നാഥനില്ലാക്കളരിയായി. ഡിജിപിയുടെ നിർദ്ദേശം എസ്പിമാർ നടപ്പാക്കാത്തത് കേരളാ ചരിത്രത്തിൽ ആദ്യമാണ്.

ഡിജിപിയെ അനുസരിക്കാത്ത എസ്പിമാരെ പുറത്താക്കണം. സംഘപരിവാർ അക്രമം പോലിസ് നോക്കി നിൽക്കുകയാണ്. കലാപത്തിന് സിപിഎം പച്ചക്കൊടി കാട്ടുന്നുവെന്നും ചെന്നിത്തല പറഞ്ഞു

സാമുദായിക ധ്രുവീകരണമാണ് സർക്കാരിന്‍റെ ലക്ഷ്യം. മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച കോൺഗ്രസ് പ്രവർത്തകര്‍ക്കെതിരെ കേസെടുത്തു.  ഇതിൽ യുഡിഎഫ് പ്രതിഷേധിക്കുന്നു. പാർട്ടി സെകട്ടറിയുടെ നിർദ്ദേശമാണ് എസ്പിമാർ നടപ്പാക്കുന്നതെന്നും ചെന്നിത്തല വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു.

ശബരിമലയെ കുറിച്ച് സത്യം പറയുന്നവരെ സംഘികളാക്കി ചിത്രീകരിക്കുന്നു. ശബരിമലയിലെ യുവതി പ്രവേശനം ആസൂത്രിതമാണ്. ഇതിനായി  മുഖ്യമന്ത്രിയുടെ ഓഫിസിൽ സെൽ പ്രവർത്തിക്കുന്നു. വനിതാ മതിലിൽ പങ്കെടുത്തത് 12 ലക്ഷം പേർ മാത്രമാണ്. മതിലിൽ പങ്കെടുത്തവർ ഇപ്പോൾ സർക്കാരിനെതിരെ തിരിഞ്ഞെന്നും ചെന്നിത്തല പറഞ്ഞു. ഈ മാസം 12 ന് വിവേകാനന്ദ പ്രതിമക്കു മുന്നിൽ യുഡിഎഫ് ഉപവാസം നടത്തുകയും 23 ന് സെക്രട്ടേറിയറ്റും കളക്ടറേറ്റുകളും വളയുമെന്നും ചെന്നിത്തല പറഞ്ഞു.