ചൈത്ര തരേസെ ജോണിനെ തിരുവനന്തപുരം ഡെപ്യുട്ടി കമ്മീഷണര്‍ സ്ഥാനത്തു നിന്ന് മാറ്റിയ നടപടി പ്രതിഷേധാര്‍ഹമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.

തിരുവനന്തപുരം: പൊലീസ് സ്റ്റഷന്‍ ആക്രമിച്ച ഡിവൈഎഫ്ഐ പ്രവര്‍ത്തരെ പിടികൂടാൻ സിപിഎമ്മിന്റെ തിരുവനന്തപുരം ജില്ലാ കമ്മറ്റി ഓഫീസില്‍ റെയ്ഡ് നടത്തിയ ചൈത്ര തരേസെ ജോണിനെ തിരുവനന്തപുരം ഡെപ്യുട്ടി കമ്മീഷണര്‍ സ്ഥാനത്തു നിന്ന് മാറ്റിയ നടപടി പ്രതിഷേധാര്‍ഹമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സ്ത്രി പീഢകരേയും, ഗുണ്ടകളെയും, സാമൂഹ്യ വിരുദ്ധരെയും സംരക്ഷിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുകയാണെന്നും രമേശ് ചെന്നിത്തല ആരോപിച്ചു. നാഴികക്ക് നാല്‍പ്പത് വട്ടം സ്ത്രീ സുരക്ഷയുടെ പേരില്‍ വാചലരാകുന്ന സര്‍ക്കാരാണ് ഒരു വനിത പൊലീസ് ഉദ്യേഗസ്ഥയെ തന്റെ ഉത്തരവാദിത്വം നിറവേറ്റിയെന്ന പേരില്‍ സാമാന്യ മര്യാദ പോലും കാണാക്കാതെ സ്ഥലം മാറ്റിയതെന്നാണ് ആരോപണം. പാര്‍ട്ടി തിരുമാനങ്ങള്‍ക്ക് വഴങ്ങിയില്ലന്ന പേരിൽ ഇതിന് മുൻപ് തിരുവനന്തപുരം കമ്മീഷണറെയും തൽസ്ഥാനത്ത് നിന്ന് നീക്കിയിരുന്നു. ഇത്തരത്തിലുള്ള സർക്കാർ നടപടി പൊലീസ് ഉദ്യേഗസ്ഥരുടെ ആത്മവീര്യം തകർക്കുമെന്നും രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി. ഗുണ്ടകള്‍ക്കും, സാമൂഹ്യ വിരുദ്ധവര്‍ക്കും എന്ത് സംരക്ഷണവും ഈ സര്‍ക്കാരില്‍ നിന്നും ലഭിക്കും എന്നതിന്റെ സന്ദേശമാണ് ഈ നടപടി നല്‍കുന്നതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

സിപിഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഓഫീസിലെ റെയ്ഡിന് പിന്നാലെ സംസ്ഥാന മുഖ്യമന്ത്രി പിണറായി വിജയന്‍ നേരിട്ടാണ് ഡിസിപി ചൈത്ര തേരസ ജോണിനോട് വിശദീകരണം തേടിയത്. തൊട്ട് പിന്നാലെ ഡിസിപിയുടെ അധിക സ്ഥാനം വഹിക്കുകയായിരുന്ന ചൈത്ര തല്‍സ്ഥാനം ഒഴിഞ്ഞു. ശബരിമല ഡ്യൂട്ടിയുണ്ടായിരുന്ന ഡിസിപി ആര്‍ ആദിത്യ തിരിച്ചെത്തി ചുമതലയേറ്റെടുത്തതോടെയാണ് ചൈത്ര തേരസ ജോൺ അധിക ചുമതല ഒഴിഞ്ഞത്.