ഇടതു മുന്നണിയും  ബിജെപിയും ശബരിമലയിലെ സ്ത്രീ പ്രവേശന കാര്യത്തില്‍ ഇരട്ട  നിലപാടാണ്  സ്വീകരിച്ചത്.  സ്ത്രീ  പ്രവേശനത്തെ അനുകൂലിച്ച് കൊണ്ട് സര്‍ക്കാര്‍ സത്യവാങ്ങ്മൂലം തിരുത്തി നല്‍കിയപ്പോള്‍ സ്ത്രീ പ്രവേശനം പാടില്ലന്ന നിലപാട്  സിപിഎം  മുന്‍ എംഎല്‍എ  പത്മകുമാറിന്റെ നേതൃത്വത്തിലുള്ള  ദേവസ്വം ബോര്‍ഡും എടുത്തു.

തിരുവനന്തപുരം: ശബരിമലയിലെ സ്ത്രീ പ്രവേശന കാര്യത്തില്‍ സര്‍ക്കാര്‍ ധൃതി പിടിച്ച് നടപടികളിലേക്ക് നീങ്ങരുതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. സുപ്രിം കോടതി വിധിക്കെതിരെ പുനപരിശോധനാഹര്‍ജിയുടെ സാധ്യത തേടുന്നതോടൊപ്പം സമന്വയത്തിനും സര്‍ക്കാര്‍ ശ്രമിക്കണം. വലിയൊരു വിശ്വാസ സമൂഹമാണ് ശബരിമലക്കുള്ളത്. അവരുടെ വിശ്വാസത്തിന് മുറിവേല്‍പ്പിക്കുന്ന ഒന്നും ചെയ്യരുതെന്ന് ചെന്നിത്തല ആവശ്യപ്പെട്ടു.

ഇടതു മുന്നണിയും ബിജെപിയും ശബരിമലയിലെ സ്ത്രീ പ്രവേശന കാര്യത്തില്‍ ഇരട്ട നിലപാടാണ് സ്വീകരിച്ചത്. സ്ത്രീ പ്രവേശനത്തെ അനുകൂലിച്ച് കൊണ്ട് സര്‍ക്കാര്‍ സത്യവാങ്ങ്മൂലം തിരുത്തി നല്‍കിയപ്പോള്‍ സ്ത്രീ പ്രവേശനം പാടില്ലന്ന നിലപാട് സിപിഎം മുന്‍ എംഎല്‍എ പത്മകുമാറിന്റെ നേതൃത്വത്തിലുള്ള ദേവസ്വം ബോര്‍ഡും എടുത്തു. ആര്‍എസ്എസ് വിധിയെ സ്വാഗതം ചെയ്തപ്പോള്‍ ബിജെപി മടിച്ച് മടിച്ച് വിധിയെ എതിര്‍ക്കുകയാണ് ചെയ്തത്. 

ഈ രണ്ടു കൂട്ടരുടെയും കാപട്യം ശബരിമലയിലെ പ്രശ്‌നങ്ങള്‍ കൂടുതല്‍ വഷളാക്കി. യു ഡി എഫ് മാത്രമാണ് ഇക്കാര്യത്തില്‍ ഉറച്ച നിലപാട് എടുത്തിട്ടുള്ളത്. ശബരിമലയിലെ ആചാര അനുഷ്ഠാനങ്ങള്‍ പാലിക്കണമെന്നാണ് യുഡിഎഫ് സര്‍ക്കാര്‍ സുപ്രിം കോടതിയില്‍ സത്യവാങ്ങ് മൂലം നല്‍കിയത്. യുഡിഎഫ് ആ നിലപാടില്‍ ഇപ്പോഴും ഉറച്ച് നില്‍ക്കുന്നു. പ്രശ്‌നം ഇനിയും കൂടുതല്‍ വഷളാകാതെ സമന്വയത്തിന്റെ പാതയിലേക്ക് സര്‍ക്കാര്‍ ഇറങ്ങി വരണമെന്ന് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.പുനപരിശോധന ഹര്‍ജി കൊടുക്കാന്‍ ദേവസ്വം ബോര്‍ഡും തയ്യാറാകണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.