Asianet News MalayalamAsianet News Malayalam

ശബരിമലയിലെ അന്നദാനകരാറിൽ സിപിഎം - ബിജെപി ഒത്തുകളി: രമേശ് ചെന്നിത്തല

സിപിഎമ്മും- ബിജെപിയും ശബരിമല വിഷയത്തില്‍ നടത്തിയ ഒത്തുകളിയുടെ ഉദാഹരണമാണ് ആർഎസ്എസ് സംഘടനക്ക് അന്നദാനം നടത്താന്‍ കരാർ നൽകിയതിലൂടെ പുറത്തുവന്നതെന്ന് ചെന്നിത്തല.

Ramesh Chennithala react in Devaswom boards food supply in sabarimala issue
Author
Thiruvananthapuram, First Published Nov 30, 2018, 2:49 PM IST

തിരുവനന്തപുരം: സിപിഎമ്മും - ബിജെപിയും ശബരിമല വിഷയത്തില്‍ നടത്തിയ ഒത്തുകളിയുടെ ഒടുവിലത്തെ ഉദാഹരണമാണ് സംഘപരിവര്‍ സംഘടനക്ക് ശബരിമലയില്‍ അന്നദാനം നടത്താന്‍ കരാര്‍ നല്‍കിയതിലൂടെ പുറത്ത് വന്നിരിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. 

ബംഗലൂരു ആസ്ഥാനമായ അയ്യപ്പ സേവാസമാജം രൂപീകരിച്ചത് ബിജെപിയുടെ മുന്‍ സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരനാണ്. അയ്യപ്പ സേവാസമാജം ശബരിമലയില്‍ സംഘപരിവാര്‍ നടത്തിയ അക്രമാസക്തമായ സമരങ്ങളില്‍ പങ്കെടുത്തിരുന്നു. ഇത്തരത്തിലുള്ള ഒരു സംഘനടയ്ക്ക് തന്നെ അന്നദാനത്തിനുള്ള കരാര്‍ നല്‍കാന്‍ തിരുമാനിച്ചത് ദേവസ്വം ബോര്‍ഡിന്റെ ഇരട്ടത്താപ്പാണ് കാണിക്കുന്നതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.  

സംഘപരിവാറിന്റെ സ്വാധീനം ശബരിമലയില്‍ നിലനിര്‍ത്താനുള്ള സര്‍ക്കാരിന്റെയും ദേവസ്വം ബോര്‍ഡിന്റെയും തന്ത്രമാണ് ഇതിന് പിന്നില്‍. 2016 ല്‍ സന്നിധാനത്ത് അന്നദാനം നടത്താന്‍ അയ്യപ്പ സമാജം ഹൈക്കോടതിയില്‍ നിന്ന് അനുമതി നേടിയിരുന്നു. എന്നാല്‍ ഇത്തവണ യാതൊരു അനുമതിയുമില്ലാതെയാണ് ഇവര്‍ക്ക് അന്നദാനം നടത്താനുള്ള  കരാര്‍ ദേവസ്വം ബോര്‍ഡ് മറിച്ച് നല്‍കിയതെന്നും രമേശ് ചെന്നിത്തല ആരോപിച്ചു. 
 

Follow Us:
Download App:
  • android
  • ios