Asianet News MalayalamAsianet News Malayalam

കോൺഗ്രസ് ബിജെപിയുടെ വലയിൽ വീണിട്ടില്ല; ബിജെപിയുടെ രാഷ്ട്രീയ മുതലെടുപ്പ് തെളിഞ്ഞു: ചെന്നിത്തല

ശബരിമലയിൽ ബിജെപിയുടെ രാഷ്ട്രീയ മുതലെടുപ്പ് തെളിഞ്ഞുവെന്ന് ചെന്നിത്തല. കോൺഗ്രസ് ബിജെപിയുടെ വലയിൽ വീണിട്ടില്ലെന്നും രമേശ് ചെന്നിത്തല.

Ramesh Chennithala response about sreedharan pillais revelation
Author
Thiruvananthapuram, First Published Nov 5, 2018, 2:44 PM IST

തിരുവനന്തപുരം: ശബരിമല വിഷയത്തില്‍ ബിജെപിയുടെ രാഷ്ട്രീയ മുതലെടുപ്പ് തെളിഞ്ഞുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ബിജെപിയുടെ അജണ്ടയാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. ജനങ്ങളോട് ബിജെപിക്ക് മറുപടി പറയേണ്ട സമയമാണിതെന്നും ജനങ്ങളില്‍ നിന്ന് ബിജെപി ഒറ്റപ്പെടുമെന്നും ചെന്നിത്തല പ്രതികരിച്ചു. 

ആചാര സംരക്ഷണമോ വിശ്വാസ സംരക്ഷണമോ അല്ല ബിജെപിയുടെ ലക്ഷ്യം. അവരുടെ രാഷ്ട്രീയ അജണ്ട പൊളിഞ്ഞു. കോണ്‍ഗ്രസിനെ ദുര്‍ബലപ്പെടുത്താൻ സിപിഎമ്മും ബിജെപിയും ശ്രമിക്കുന്നു. ഇതൊന്നും കേരളത്തിൽ വിലപ്പോവില്ലെന്നും ചെന്നിത്തല പറഞ്ഞു.

ശബരിമലയില്‍ യുവതി പ്രവേശിച്ചാല്‍ നടയടയ്ക്കുമെന്ന തന്ത്രിയുടെ നിലപാട് ബിജെപിയുമായി ആലോചിച്ചെന്നായിരുന്നു പി.എസ് ശ്രീധരന്‍പിള്ളയുടെ വെളിപ്പെടുത്തല്‍. തുലാമാസ പൂജാ സമയത്ത് യുവതികള്‍ സന്നിധാനത്തിന് അടുത്ത് എത്തിയപ്പോള്‍ തന്ത്രി വിളിച്ചിരുന്നുവെന്നും നടയടച്ചാല്‍ കോടതി അലക്ഷ്യമാവില്ലേയെന്ന് ചോദിച്ചെന്നും ശ്രീധരന്‍പിള്ള കോഴിക്കോട് യുവമോര്‍ച്ചാ യോഗത്തില്‍ വ്യക്തമാക്കിയിരുന്നു. 

നടയടയ്ക്കുമെന്ന ശബരിമല തന്ത്രിയുടെ നിലപാടിന് ആയിരങ്ങള്‍ പിന്തുണയുണ്ടാവുമെന്ന തന്റെ ഉറപ്പിന്റെ പിന്‍ബലത്തിലായിരുന്നു തന്ത്രി പ്രവര്‍ത്തിച്ചതെന്നും യുവമോര്‍ച്ചയുടെ സമ്മേളനത്തില്‍ ശ്രീധരന്‍പിള്ള പറഞ്ഞു. നമ്മള്‍ മുന്നോട്ട് വച്ച അ‍‍ജന്‍ഡയില്‍ എല്ലാവരും വീണുവെന്നും കൃത്യമായ ആസൂത്രണത്തോടെയുള്ള ബിജെപി പ്ലാനാണ് ശബരിമല പ്രതിഷേധത്തില്‍ നടന്നത്. ഇതൊരു സമസ്യയാണെന്ന് ശ്രീധരന്‍പിള്ള വ്യക്തമാക്കിയിരുന്നു. 

Follow Us:
Download App:
  • android
  • ios