രാംനാഥ് കോവിന്ദ് ഇന്ത്യയുടെ പതിനാലാമത് രാഷ്ട്രപതിയായി തെരഞ്ഞെടുക്കപ്പെട്ടു. പ്രതിപക്ഷ കക്ഷികളുടെ സ്ഥാനാർഥിയായിരുന്ന മീരാകുമാറിനെ പരാജയപ്പെടുത്തിയാണ് കോവിന്ദ് ഇന്ത്യയുടെ പ്രഥമ പൗരൻ എന്ന പദവിയിലേക്ക് നടന്നു കയറിയത്. കോവിന്ദിന് 7,02,644 വോട്ട് മൂല്യം ലഭിച്ചു. 3,67,314 വോട്ട് മൂല്യമാണ് മീരാകുമാർ നേടിയത്. തെരഞ്ഞെടുപ്പ് വരണാധികാരി അനൂപ് മിശ്രയാണ് ഫലം പ്രഖ്യാപിച്ചത്. ചൊവ്വാഴ്ച രാംനാഥ് കോവിന്ദ് രാഷ്ട്രപതിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും.
കേരളത്തില്‍ നിന്ന് മീരാകുമാറിന് ലഭിച്ചത് 20,976 വോട്ട് മൂല്യവും രാംനാഥ് കോവിന്ദിന് 152 ലഭിച്ചത് വോട്ട് മൂല്യവുമായിരുന്നു . ദില്ലിയില്‍ മൂന്ന് ആം ആദ്മി എംഎൽഎമാർ കോവിന്ദിന് വോട്ട് ചെയ്തു . കോവിന്ദിന് 522 എം.പിമാരുടെ വോട്ട് ലഭിച്ചു. 225 എംപിമാർ മീരാകുമാറിന് അനുകൂലമായി വോട്ടു ചെയ്തു. പാർലമെന്‍റ് അംഗങ്ങളിൽ നിന്നു മാത്രം 3,69,576 വോട്ടുമൂല്യമാണ് കോവിന്ദ് നേടിയത്. മീരാകുമാറിന് 1,59,300 വോട്ടുമൂല്യം ലഭിച്ചു. 21 എംപിമാരുടെ വോട്ട് അസാധുവായി എന്നതും ശ്രദ്ധേയമാണ്.
ഉത്തർപ്രദേശിലെ കാൺപൂർ സ്വദേശിയായ രാംനാഥ് കോവിന്ദ് ബിജെപിയുടെ ദളിത് മുഖമായിരുന്നു. മലയാളിയായ കെ.ആർ.നാരായണന് ശേഷം രാഷ്ട്രപതി പദത്തിലെത്തുന്ന ആദ്യ ദളിത് വിഭാഗക്കാരനുമാണ് കോവിന്ദ്. ബിഹാർ ഗവർണർ സ്ഥാനം വഹിക്കുമ്പോഴാണ് രാഷ്ട്രപതി സ്ഥാനത്തേയ്ക്ക് മത്സരിക്കാൻ ബിജെപി കേന്ദ്ര നേതൃത്വം കോവിന്ദിനെ നിയോഗിക്കുന്നത്. 75 വയസുകാരനായ കോവിന്ദ് ബിജെപി ദളിത് മോർച്ച മുൻ അധ്യക്ഷ പദവിയും ഓൾ ഇന്ത്യ കോലി സമാജിന്‍റെ പ്രസിഡന്‍റ് സ്ഥാനവും വഹിച്ചിട്ടുണ്ട്.
