പിതാവിന്‍റെ പാത തുടര്‍ന്ന് മുഹമ്മദ് റാഫി
മാന്നാര്: റംസാന് നാളില് പിതാവിന്റെ പാത പിന്തുടര്ന്ന് മകന് നടത്തുന്ന നോമ്പ് കഞ്ഞി വിതരണത്തിന് നാലരപതിറ്റാണ്ടിന്റെ പുണ്യം. മാന്നാര് കുരട്ടിക്കാട് പരേതനായ സെയ്ദ് മുഹമ്മദ് കുട്ടിയുടെ മകന് മുഹമ്മദ് റാഫിയാണ് (47) ആണ് റംസാന് നാളില് മുടക്കം കൂടാതെ മരുന്ന് കഞ്ഞി തയ്യാറാക്കി വിതരണം നടത്തുന്നത്. അഞ്ച് കിലോ അരിയില് നോമ്പുകഞ്ഞിവച്ചാണ് മപഹമ്മദ് റാഫിയുടെ പിതാവ് കഞ്ഞി വിതരണത്തിന് തുടക്കമിട്ടത്.
അന്ന് തന്റെ പിതാവിന്റെ സഹായിയായി എത്തിയ റാഫി അദ്ദേഹത്തിന്റെ മരണശേഷം തന്റെ കാറ്ററിങ് ജോലിക്ക് അവധി നല്കി നോമ്പുകഞ്ഞി തയ്യാറാക്കല് ദൗത്യം ഏറ്റെടുത്തിട്ട് 36 വര്ഷമായി. മഞ്ഞള്പ്പൊടി, ഉപ്പ്, അരി, ജീരകം ഉലുവ, ആശാളി, ചുക്ക്, വെളുത്തുള്ളി, ചുവന്നുള്ളി, ഇഞ്ചി, വെളിച്ചെണ്ണ, തേങ്ങ, കറിവേപ്പില എന്നിവ ചേര്ത്ത് നോമ്പ് എടുത്താണ് കഞ്ഞി തയ്യാറാക്കുന്നത്.
പണ്ട് കപ്പ കുഴച്ചതും പയര് തോരനും കഞ്ഞിയില് ഇട്ട് നല്കിയിരുന്നു. നോമ്പുകഞ്ഞി വിതരണം വിപുലീകരിച്ചതോടെ ചെലവ് താങ്ങാന് പറ്റാത്ത നിലയിലായതിനാല് പള്ളി കമ്മിറ്റിയാണ് എല്ലാ സാധനങ്ങളും വാങ്ങി നല്കുന്നത്. ദിവസവും 70 കിലോ അരിയുടെ കഞ്ഞിയാണ് തയ്യാറാക്കുന്നത്. പുത്തന്പള്ളി അങ്കണത്തില് വലിയ മൂന്ന് ചെമ്പുകളിലായി ആരുടെയും സഹായം ഇല്ലാതെയാണ് ഔഷധക്കൂട്ടുള്ള നോമ്പുകഞ്ഞി തയ്യാറാക്കുന്നത്. വൈകിട്ട് 4.30ന് കഞ്ഞിവിതരണം ആരംഭിക്കും.
ആദ്യം വീട്ടിലിരുന്ന് നോമ്പ് എടുക്കുന്നവര്ക്കും മറ്റ് മതസ്ഥര്ക്കും കഞ്ഞി വിതരണം നടത്തും. പള്ളിയില്വന്ന് നോമ്പ് തുറക്കുന്നവര്ക്ക് പ്രത്യേകം തയ്യാറാക്കിവച്ചിരിക്കുന്ന ബൗളിനകത്ത് കഞ്ഞി നല്കും. നോമ്പുതുറ സമയത്ത് ഈത്തപ്പഴം, ആപ്പിള്, മുന്തിരി, ഓറഞ്ച്, ഉഴുന്നുവട, സമോസ, പഴം ഇവയെല്ലാം നല്കും. കൂടാതെ ബിരിയാണി ചോറും, പൊറോട്ടയും ഇറച്ചിയും ചില ദിവസങ്ങളില് നല്കും. 20 ലിറ്റര് പാലിന്റെ ചായയും പള്ളിയില് വിതരണം ചെയ്യുന്നുണ്ടെന്നും മുഹമ്മദ് റാഫി പറഞ്ഞു. അമ്മ: സറാബീവി. ഭാര്യ : ഷംല, മകള് : റഷീദ.
