യുവാവിനെ ഫ്ലാറ്റിലേക്ക് വിളിച്ചു വരുത്തി സദാചാര പൊലീസ് ചമഞ്ഞ് പണം തട്ടിയ കേസിൽ റിമാൻഡിലായ പ്രധാന പ്രതി റാണി നസീമ, കൊലപാതകക്കേസിലും പ്രതി. മുൻ കാമുകന്‍റെ കൊലപാതകത്തിൽ നസീമയെ അറസ്റ്റ് ചെയ്യാൻ തിരുവനന്തപുരം പൊലീസ് കൊടുങ്ങല്ലൂർ മജിസ്ട്രേറ്റിന്റെ അനുമതി തേടി

കൊച്ചി: യുവാവിനെ ഫ്ലാറ്റിലേക്ക് വിളിച്ചു വരുത്തി സദാചാര പൊലീസ് ചമഞ്ഞ് പണം തട്ടിയ കേസിൽ റിമാൻഡിലായ പ്രധാന പ്രതി റാണി നസീമ, കൊലപാതകക്കേസിലും പ്രതി. മുൻ കാമുകന്‍റെ കൊലപാതകത്തിൽ നസീമയെ അറസ്റ്റ് ചെയ്യാൻ തിരുവനന്തപുരം പൊലീസ് കൊടുങ്ങല്ലൂർ മജിസ്ട്രേറ്റിന്റെ അനുമതി തേടി.

2017 ഏപ്രിലിൽ തിരുവനന്തപുരത്ത് നിന്ന് കാണാതായ രഞ്ജു കൃഷ്ണന്റെ മൃതദേഹം, ഇക്കഴിഞ്ഞ ഒക്ടോബറിൽ കർണാടകത്തിലെ വിരാജ് പേട്ടയിൽ നിന്നാണ് കണ്ടെത്തിയത്. സുഹൃത്തായിരുന്ന രഞ്ജു കൃഷ്ണനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്താൻ ക്വട്ടേഷൻ നൽകിയത് നസീമയാണെന്നാണ് പൊലീസിന് സൂചന കിട്ടിയത്. 

തിരുവനന്തപുരത്ത് താമസിക്കുന്നതിനിടെ, വിദ്യാർത്ഥിനിയായ മകളോട് രഞ്ജു മോശമായി പെരുമാറിയതാണ് നസീനയെ കൊലയ്ക്ക് പ്രേരിപ്പിച്ചത് എന്നാണ് പൊലീസിന്റെ നിഗമനം. സംഭവത്തിന് ശേഷം വിദേശത്തുപോയ നസീമ, ഈ വർഷമാദ്യം നാട്ടിൽ തിരിച്ചെത്തി. തുടർന്ന് ഈ മാസം 22ന് തട്ടിപ്പുകേസിൽ പൊലീസിന്റെ പിടിയിലായി. 

തലശ്ശേരി സ്വദേശിയായ യുവാവിനെ മുറിയിൽ വിളിച്ചുവരുത്തി സദാചാര പൊലീസ് ചമഞ്ഞ് പണം തട്ടിയെന്നാണ് കേസ്. തൃശ്ശൂർ വനിതാ ജയിലിൽ റിമാൻഡിലാണ് നസീമ. കേസിൽ നസീമയ്ക്ക് ഒപ്പം പിടികൂടിയ യുവാക്കളെ ചോദ്യംചെയ്തപ്പോഴാണ്,പഴയ കൊലപാതകത്തെ കുറിച്ച് സൂചന കിട്ടിയത്. നസീമയെ വിശദമായി ചോദ്യം ചെയ്യുന്നതിലൂടെ, രഞ്ജു കൃഷ്ണന്‍റെ കൊലപാതകത്തിന് പിന്നിലെ ദുരൂഹത നീങ്ങുമെന്നാണ് പൊലീസിന്റെ നിഗമനം.