സ്വകാര്യ ചാനലില്‍ ജോലി നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് പെണ്‍കുട്ടിയില്‍ നിന്ന് പണം തട്ടുകയും പീഡിപ്പിക്കുകയും ചെയ്തതായി പരാതി. പാലക്കാട് സ്വദേശിനിയായ പെണ്‍കുട്ടിയെയാണ് നെടുമ്പാശ്ശേരിയിലെ റസിഡന്‍സ് ഫ്ലാറ്റില്‍ വച്ച് പീഡിപ്പിച്ചത്.

Add Asianetnews as a Preferred SourcegooglePreferred

നെടുമ്പാശ്ശേരി എയര്‍പോര്‍ട്ടില്‍ ജോലി ചെയ്തിരുന്ന സമയത്താണ് പാലക്കാട് സ്വദേശിനിയായ പരാതിക്കാരി പെണ്‍കുട്ടിയില്‍ നിന്നും സ്വകാര്യ ന്യൂസ് ചാനലില്‍ ജോലി ശരിയാക്കി തരാം എന്ന് പറ‍ഞ്ഞ് അങ്കമാലി സ്വദേശി ശ്രീകുമാര്‍ എന്നയാള്‍ പണം വാങ്ങുന്നത്. അമ്പതിനായിരം രൂപ നല്‍കിയ പെണ്‍കുട്ടിയോട് ഇയാള്‍ ചാനല്‍ ജോലി ശരിയാകും വരെ താന്‍ അസോസിയേഷന്‍ പ്രസിഡന്‍റ് ആയ നെടുമ്പാശ്ശേരിയിലെ ആപ്പിള്‍ സ്റ്റുഡിയോ അപ്പാര്‍ട്ട്മെന്‍റ്സില്‍ മാനേജരായി ജോലി ചെയ്യാന്‍ ആവശ്യപ്പെട്ടു. ഇവിടെ ജോലി ചെയ്യവേ ആണ് തന്നെ ശ്രീകുമാര്‍ ഭീഷണിപ്പെടുത്തുകയും പീഡിപ്പിക്കുകയും ചെയ്തതെന്ന് പെണ്‍കുട്ടി പറയുന്നു.

സ്വകാര്യ ചാനലിന്‍റെ സിഇഒ ആണ് താന്‍ എന്ന് പറഞ്ഞ് തെറ്റിധരിപ്പിക്കുകയും ഭീഷണിപ്പെടുത്തുകയും ആണ് ഇയാള്‍ ചെയ്തതെന്നും പെണ്‍കുട്ടി പറയുന്നു. സംഭവത്തെ കുറിച്ച് നെടുമ്പാശ്ശേരി പൊലീസില്‍ പരാതിപ്പെട്ടെങ്കിലും പ്രതി ഒളിവിലാണെന്നാണ് പൊലീസ് പറയുന്നത്. ശ്രീകുമാറിനെതിരെ സമാനമായ മറ്റ് രണ്ട് കേസുകള്‍ കൂടി ഉള്ളതായാണ് വിവരം.