തമിഴ്‍നാട്ടിലെ ധര്‍മ്മപുരിയില്‍ ആദിവാസി വിഭാഗത്തില്‍പ്പെട്ട പ്‍ളസ്‍ ടു വിദ്യാര്‍ത്ഥിനിയെ തട്ടിക്കൊണ്ടു പോയി കൂട്ടബലാത്സംഗം ചെയ്ത കൊലപ്പെടുത്തിയ പ്രതികളില്‍ ഒരാളെ അറസ്റ്റ് ചെയ്തു.
ചെന്നൈ: തമിഴ്‍നാട്ടിലെ ധര്‍മ്മപുരിയില്‍ ആദിവാസി വിഭാഗത്തില്‍പ്പെട്ട പ്‍ളസ്‍ ടു വിദ്യാര്‍ത്ഥിനിയെ തട്ടിക്കൊണ്ടു പോയി കൂട്ടബലാത്സംഗം ചെയ്ത കൊലപ്പെടുത്തിയ പ്രതികളില്‍ ഒരാളെ അറസ്റ്റ് ചെയ്തു. പ്രതികള്‍ക്ക് എതിരെ നടപടി സ്വീകരിക്കാന്‍ പൊലീസ് മടിക്കുകയാണെന്ന് പെണ്‍കുട്ടിയുടെ വീട്ടുകാര്‍ ആരോപിച്ചു. നാട്ടുകാരുടെ പ്രതിഷേധത്തെ തുടര്‍ന്ന് അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റി.
ദീപാവലി ദിവസം രാത്രി ശുചിമുറിയില്‍ പോകാനായി വീടിന് പുറത്തിറങ്ങിയ പതിനാറുകാരിയെയാണ് പ്രദേശവാസികളായ രണ്ട് പേര്‍ ചേര്‍ന്ന് തട്ടികൊണ്ട് പോയി പീഡിപ്പിച്ചത്. സമീപത്തെ വനത്തിലേക്ക് വലിച്ചിഴച്ച് കൊണ്ടുപോയ ശേഷമാണ് സതീഷ്, രമേശ് എന്നിവര്‍ മണിക്കൂറുകളോളം കൂട്ടബലാത്സംഗം ചെയ്തത്. പിന്നീട് പെണ്‍കുട്ടിയെ വനത്തില്‍ തന്നെ ഉപേക്ഷിച്ച ശേഷം കടന്നുകളഞ്ഞു. ഗുരുതരമായി പരിക്കേറ്റ പെണ്‍കുട്ടി ശനിയാഴ്ച്ച രാത്രി മരിച്ചു.
ധര്‍മ്മപുരിയിലെ ആദിവാസി വിഭാഗത്തിലെ പെണ്‍കുട്ടികള്‍ക്ക് നേരെ അതിക്രമം പതിവാണെന്ന് നാട്ടുകാര്‍ പറയുന്നു. പ്രതികള്‍ക്ക് എതിരെ നടപടി വൈകുന്നുവെന്ന് ചൂണ്ടികാട്ടി പെണ്‍കുട്ടിയുടെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് ശേഷം സ്വീകരിക്കാന്‍ ബന്ധുക്കള്‍ തയാറായില്ല. ആശുപത്രിക്ക് മുന്നില്‍ നാട്ടുകാര്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു. ജില്ലാഭരണം ഇടപെട്ട് അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റിയതോടെയാണ് പ്രതിഷേധം അവസാനിപ്പിച്ചത്.
പുതിയ ഉദ്യോഗസ്ഥന്‍ ചുമതലയേറ്റെടുത്ത് മണിക്കൂറുകള്‍ക്കകമാണ് പ്രതിയായ സതീഷിനെ പിടികൂടിയത്. ധര്‍മ്മപുരിക്ക് സമീപം ബന്ധുവീട്ടില്‍ ഒളിവിലായിരുന്നു ഇയാള്‍. മറ്റൊരു പ്രതിയായ രമേശിനായി തിരച്ചില്‍ തുടരുകയാണ്. പ്രതികള്‍ക്ക് ഒളിവില്‍ കഴിയാന്‍ സഹായം നല്‍കിയ ആളെയും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
